എല്‍ഡിഎഫിന് മൂന്നാം വട്ടവും ഭരണം സംഭവിക്കുമെന്ന് വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ അച്ചടക്ക ലംഘനം നടത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് പറഞ്ഞു.
|
എല്‍ഡിഎഫിനു മൂന്നാമതും ഭരണം ലഭിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലടക്കം കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നുമാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. പഞ്ചായത്ത് തിഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് താഴെ വീഴും. അറുപത് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മൂന്നാമതാകും. എല്‍ഡിഎഫ് ഭരണം തുടരുമെന്നും അതോടെ കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും മുസ് ലിംകള്‍ സിപിഐഎമ്മിലേക്ക് പോകുമെന്നും മറ്റുള്ളവര്‍ ബിജെപിയിലേക്ക് പോകുമെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.
അതേസമയം, കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് അത്തരം ഒരു മെസ്സേജ് നല്‍കിയതെന്ന് പാലോട് രവി ഇതേക്കുറിച്ച് പ്രതികരിച്ചത്. താന്‍ പറഞ്ഞത് എന്തെന്ന് അണികള്‍ക്ക് വ്യക്തമായി മനസിലായിട്ടുണ്ട്. സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ പിന്നിലാകും എന്നാണുദ്ദേശിച്ചത്. ഇത്തരം മെസ്സേജുകള്‍ നിരന്തരമായി താഴെത്തട്ടിലുള്ള സംഘടനാ സംവിധാനങ്ങള്‍ക്ക് നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രാദേശിക ഘടകങ്ങളിലെ ഭിന്നത ഒഴിവാക്കുകയാണ് ലക്ഷ്യം. എങ്കില്‍ മാത്രമേ ഒറ്റക്കെട്ടായി സിപിഐഎം ഭരണത്തെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിനെ കൊണ്ട് സാധിക്കുകയുള്ളു. താന്‍ പറഞ്ഞ ഫോണ്‍ സംഭാഷണത്തിലെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്തതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും ഇത്തരം മെസേജുകള്‍ ഫോണിലൂടെയും അല്ലാതെയും നിരന്തരമായി നല്‍കുന്നതാണെന്നും പാലോട് രവി പറയുകയുണ്ടായി.
ALSO READ: മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





