തിരുവനന്തപുരം: എസ്ഡിപിഐ ദേശീയ പ്രസിഡന്റിനെ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടി മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടമായി ഉയര്‍ത്തിക്കാട്ടി സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസിന് വേഗത്തില്‍ ജാമ്യം ലഭിച്ചത് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തുന്ന വാര്‍ത്തയിലാണ് ഇഡിയുടെ നടപടിയെ എല്‍ഡിഎഫിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യാജ അവകാശവാദം.
|
മുന്‍കാലങ്ങളില്‍ വര്‍ഗീയ-വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവരെ കര്‍ശന വകുപ്പുകള്‍ ചുമത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ ജയിലിലടച്ചിരുന്നു എന്ന അവകാശവാദത്തിനൊപ്പമാണ് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയുടെ അറസ്റ്റും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍, പിഎംഎല്‍എ കേസില്‍ ഫൈസിയെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്. സംസ്ഥാന പൊലീസിന് യാതൊരു പങ്കുമില്ലാത്ത കാര്യമാണ് പ്രസ്തുത വാര്‍ത്തയില്‍ ചേര്‍ത്തിരിക്കുന്നത്.
ജന്തര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമെന്നും പെണ്‍കുട്ടികള്‍ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നും വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഈ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് ദേശാഭിമാനി ആരോപിക്കുന്നു.
ടി.ജി മോഹന്‍ദാസിന് ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍, മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച കര്‍ശന നടപടികള്‍ വാര്‍ത്തയില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികല, ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെ കെ. സുരേന്ദ്രന്, വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജ്, പ്രതീഷ് വിശ്വനാഥ്, രാഹുല്‍ ഈശ്വര്‍ തുടങ്ങിയവരെയെല്ലാം അന്ന് അറസ്റ്റ് ചെയ്തിതതും ജയിലില്‍ അടച്ചതും ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നു.
വലതുപക്ഷ നേതാക്കള്‍ക്കെതിരെ എടുത്ത ഈ കേസുകളുടെ പട്ടികയ്ക്കൊപ്പം തൂക്കമൊപ്പിക്കാനെന്നോണമാണ് കേന്ദ്ര ഏജന്‍സി നടത്തിയ അറസ്റ്റും പത്രം എല്‍ഡിഎഫ് നേട്ടമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. വ്യാജ അവകാശവാദത്തെ തുടര്‍ന്ന് ദേശാഭിമാനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്.
Tags: Deshabhimani, MK Faizy, Enforcement Directorate, SDPI, LDF Government, TG Mohandas Bail, UDF Government, Kerala Politics, Social Media Trolls, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





