കൊച്ചി: അടുത്ത സുഹൃത്തായ അവതാരക സുബി സുരേഷിന്റെ മരണത്തിനു പിന്നാലെ നടൻ ധർമ്മജൻ ബോൾഗാട്ടിക്ക് സ്വന്തം അമ്മയെയും നഷ്ടമായി. ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (85) ഇന്നലെ രാത്രിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8 മണിയോടെ ശ്വാസം മുട്ടൽ കലശലായതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. ഏറെ നാളായി ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു. മൃതദേഹം വരാപ്പുഴ വലിയപറമ്പിലെ വീട്ടിലെത്തിച്ചു. അമ്മയുടെ മരണസമയത്ത് ധർമജൻ സ്ഥലത്തില്ലായിരുന്നു.
|
മക്കൾ: ബാഹുലേയൻ, ധർമ്മജൻ. മരുമക്കൾ: സുനന്ദ, അനുജ. പേരക്കുട്ടികൾ: അക്ഷയ്, അഭിജിത്, വൈഗ, വേദ.
സുബി സുരേഷിന്റെ മരണ വാർത്ത അറിഞ്ഞതു മുതൽ ആശുപത്രിയിലും വീട്ടിലും അന്ത്യ ചടങ്ങിലും സജീവമായി നിന്ന ആളാണ് ധർമജൻ. സുബിയ്ക്കൊപ്പം സിനിമാല മുതൽ നിരവധി ഷോകൾ ചെയ്തിട്ടുണ്ട്. ഉറ്റ കൂട്ടുകാരിയുടെ വേർപാടിന് പിന്നാലെയാണ് ധർമജന് അമ്മയെയും നഷ്ടപ്പെട്ടിരിയ്ക്കുന്നത്.
സുബിയുടെ അന്ത്യ ചടങ്ങുകൾക്ക് ശേഷം കോട്ടയത്ത് ഒരു പരിപാടിയ്ക്ക് പോയിരിയ്ക്കുകയായിരുന്നു ധർമജൻ. അപ്പോഴാണ് അമ്മയ്ക്ക് ശ്വാസ തടസ്സം നേരിട്ടത്. ഉടൻ ഭാര്യ അനുജ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു. എന്നാൽ യാത്രാമദ്ധ്യേ തന്നെ മരിച്ചു.
വിവരമറിഞ്ഞ് നടന്മാരായ രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നിർമ്മാതാവ് ബാദുഷ എന്നിവർ ആശുപത്രിയിലെത്തി.
സുബിയുടെ സംസ്‌കാരം നടന്ന ചേരാനല്ലൂർ ശ്മശാനത്തിൽ തന്നെയാണ് ധർമജന്റെ അമ്മയുടെയും സംസ്‌കാരവും.


