24
Dec 2025
Tue
24 Dec 2025 Tue
doctors save young mans life

‘മെര്‍സല്‍’ എന്ന സിനിമയില്‍ വിജയ് ഒരു രോഗിയെ രക്ഷിക്കുന്ന രംഗം പലര്‍ക്കും ഓര്‍മയുണ്ടാവും. എയര്‍പോര്‍ട്ടിലെ റെസ്റ്റോറന്റില്‍ ജ്യൂസ് കഴിച്ചുകൊണ്ടിരുന്ന യുവതി പെട്ടന്ന് മറിഞ്ഞുവീഴുന്നു. ഇത് കണ്ട് വിജയ് അവതരിപ്പിക്കുന്ന ഡോക്ടര്‍ കഥാപാത്രം ഓടിവരികയും എടിഎം കാര്‍ഡ് രണ്ടായി മുറിച്ച് യുവതിയുടെ കഴുത്തില്‍ തുളയുണ്ടാക്കി സ്‌ട്രോ കടത്തി രോഗിയെ രക്ഷിക്കുകയും ചെയ്യുന്നു.
സമാനമായ സീനാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കൊച്ചിയില്‍ നടന്നത്. മൂന്ന് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷിച്ചെടുത്തുത്. നടുറോഡില്‍വെച്ച് മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകളുടെ ഇടയില്‍ ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ചാണ് യുവാവിന് ഡോക്ടര്‍മാര്‍ അടിയന്തര വൈദ്യസഹായം നല്‍കിയത്.

whatsapp നടുറോഡ് ഓപ്പറേഷന്‍ തിയേറ്ററായി; സിനിമാ സ്റ്റൈലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളം ഉദയംപേരൂരിലാണ് സംഭവം. രാത്രി എട്ടരയോടെയാണ് ഉദയംപേരൂര്‍ വലിയകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ലിനീഷിനാണ് അടിയന്തര ചികിത്സ നല്‍കിയത്. എറണാകുളം ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ ഡോ.തോമസ് പീറ്റര്‍, ഭാര്യ ഡോ.ദിദിയ, കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോവാസ്‌കുലര്‍ തൊറാസിക് സര്‍ജന്‍ ഡോ.മനൂപ് എന്നിവരാണ് ദൈവത്തിന്റെ കരങ്ങളായി മാറിയത്.

ഭാര്യയോടൊപ്പം പോകുമ്പോഴാണ് റോഡരികില്‍ മേജര്‍ ആക്സിഡന്റ് നടക്കുന്നത് കാണുന്നത്. പ്രാഥമിക ശുശ്രൂഷ നല്‍കാമെന്ന് കരുതിയാണ് കാറില്‍ നിന്ന് ഇറങ്ങി നോക്കിയത്. എന്നാല്‍ അവിടെയെത്തിയപ്പോഴാണ് പരിക്കേറ്റയാളുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മനസ്സിലായത്.

ALSO READ: മുന്നണികള്‍ തമ്മിലുള്ള വോട്ട് വ്യത്യാസം 3.6 ശതമാനം മാത്രം; നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ നിര്‍ണായകം

‘ഗുരുതരമായ പരിക്കേറ്റ ഒരാളുടെ കഴുത്തു മറ്റൊരാള്‍ പിടിച്ചിരുന്നു. പിടിച്ച രീതി കണ്ടപ്പോള്‍ ഒരു മെഡിക്കല്‍ പ്രഫഷണല്‍ ആണെന്ന് മനസിലായി. ചോദിച്ചപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോവാസ്‌കുലര്‍ തൊറാസിക് സര്‍ജന്‍ ആണെന്ന് പറഞ്ഞു. ഗുരുതരാവസ്ഥ കണ്ടാണ് സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചത്.

ഡോക്ടര്‍മാര്‍ മാത്രമല്ല അവിടെ കൂടിയിരുന്ന ആളുകളും പൊലീസും ഉള്‍പ്പടെ എല്ലാവരും കൈകോര്‍ത്തത് കൊണ്ടാണ് ആ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു മിനി ആശുപത്രി തന്നെ അവിടെ സജ്ജീകരിക്കപ്പെട്ടു. ഇതേ ആശുപത്രിയിലെ അറ്റന്‍ഡര്‍ അവിടെയെത്തി. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു സ്റ്റാഫ് നഴ്സായ ചേച്ചിയും ഉണ്ടായിരുന്നു. സിപിആര്‍ ആവശ്യമായി വരികയാണെങ്കില്‍ പേടിക്കേണ്ട,ഞാന്റെ സഹപ്രവര്‍ത്തകരെ വിളിക്കാമെന്ന് പറഞ്ഞു. അവര്‍ തന്നെ ഫോണില്‍ തന്റെ സഹപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിരുന്നു. പിന്നെ അവിടെ ചുറ്റും കൂടിയ നാട്ടുകാര്‍, പൊലീസുകാര്‍,ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരെല്ലാം സഹായത്തിനായി ഉണ്ടായിരുന്നു’. ഡോ.തോമസ് പറഞ്ഞു.

‘പരിക്കേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാമെന്ന് പറഞ്ഞത് ഡോ.മനൂപ് ആണ്. ഒരു സ്‌ട്രോയും ബ്ലേഡും വേണമെന്ന് പറഞ്ഞപ്പോള്‍ നാട്ടുകാര്‍ ഓടിപ്പോയി അത് എത്തിച്ചു തന്നു. പക്ഷേ ആദ്യം കിട്ടിയത് പേപ്പര്‍ സ്ട്രോയാണ്. അത് രക്തത്തില്‍ കുതിര്‍ന്ന് അലിഞ്ഞത് കൊണ്ട് ഇടക്കിടക്ക് മാറ്റേണ്ടി വന്നു. ഇതിനിടെ നാട്ടുകാരിലാരോ ഒരാള്‍ പ്ലാസ്റ്റിക് സ്ട്രോ എത്തിച്ചു തന്നു.

ഇതില്‍ എടുത്തുപറയേണ്ടത് അവിടെ ചുറ്റും കൂടി നിന്ന നാട്ടുകാരാണ്. ആരും ഫോണില്‍ വിഡിയോ എടുക്കാതെ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റ് അടിച്ചു നിന്നു. 10 മിനിറ്റ് കൊണ്ട് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍,എന്ത് സഹായത്തിനും ഒപ്പമുണ്ടെന്ന് പറഞ്ഞ പൊലീസുകാര്‍.. ദൈവത്തിന്റെ കരങ്ങള്‍ ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്ക് മാത്രമല്ല,അവിടെ കൂടി നിന്ന ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു’. ഡോ.ദിദിയ പറഞ്ഞു.