23
Dec 2025
Tue
23 Dec 2025 Tue
sdpi local body election seats

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളെ ഒരു ‘യുഡിഎഫ് തരംഗം’ എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുമ്പോഴും വോട്ടുവിഹിതത്തിലെ കൃത്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ മുന്നണികള്‍ തമ്മിലുള്ള വോട്ട് വ്യത്യാസം വളരെ നേരിയതാണെന്ന് മനസ്സിലാവുന്നു. 42.93% വോട്ട് യുഡിഎഫ് നേടിയപ്പോള്‍ 39.33% വോട്ട് എല്‍ഡിഎഫ് നേടി. 3.6 ശതമാനം മാത്രമാണ് വ്യത്യാസം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ട്രെന്‍ഡ് പരിശോധിച്ചാല്‍, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും ഭരണമാറ്റമുണ്ടാകുന്നത് കേവലം 1% മുതല്‍ 3% വരെ മാത്രം വരുന്ന വോട്ടുകളുടെ വ്യത്യാസത്തിലാണ്. ഈ സാഹചര്യത്തില്‍ ചെറുപാര്‍ട്ടികളുടെ നിലപാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍. പി വി അന്‍വര്‍, സികെ ജാനു ഉള്‍പ്പെടെ ഒന്നോ രണ്ടോ മണ്ഡലങ്ങളില്‍ സ്വാധീനമുള്ളവരെ പോലും ഒപ്പം കൂട്ടാന്‍ യുഡിഎഫ് തയ്യാറാവുന്നത് ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ്.

ഇവിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കേവലം 1500 സീറ്റില്‍ താഴെ മത്സരിച്ച എസ്ഡിപിഐ നേടിയ 3 ലക്ഷം വോട്ടുകള്‍ നിര്‍ണ്ണായകമായി മാറുന്നത്. മുന്നണികള്‍ തമ്മിലുള്ള വോട്ടുകളുടെ ചെറിയ ‘ഗ്യാപ്പ്’ നികത്താന്‍ ഈ വോട്ടുകള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 40-ഓളം ഇടങ്ങളില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കപ്പെടുന്നത് 2,000-ത്തില്‍ താഴെ വോട്ടുകള്‍ക്കാണ്. ഒരു മണ്ഡലത്തില്‍ ശരാശരി 2,000 മുതല്‍ 5,000 വരെ വോട്ടുകള്‍ എസ്ഡിപിഐക്കുണ്ടെങ്കില്‍, ആ വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ഥികളുടെ വിജയസാധ്യതയെ ബാധിക്കും. എസ്ഡിപിഐയുടെ ഈ വോട്ടുകള്‍ ചിതറിക്കിടക്കുന്നതല്ല, മറിച്ച് കൃത്യമായ പോക്കറ്റുകളില്‍ കേന്ദ്രീകരിക്കപ്പെട്ടതാണ്. ഇത് വോട്ടു വിഹിതത്തേക്കാള്‍ ഉപരിയായി ‘സീറ്റുകളുടെ എണ്ണത്തെ’ നേരിട്ട് സ്വാധീനിക്കുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ചൂണ്ടിക്കാട്ടി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ 100-ലധികം വാര്‍ഡുകളില്‍ എസ്ഡിപിഐ നേരിട്ട് വിജയിക്കുകയും, മുന്നൂറോളം വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. പല വാര്‍ഡുകളിലും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വിജയത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എസ്ഡിപിഐ ഒറ്റയ്ക്ക് നേടിയിട്ടുണ്ട്.

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 40-ഓളം സീറ്റുകളില്‍ കഴിഞ്ഞ തവണ ഭൂരിപക്ഷം 5,000-ത്തിന് താഴെയായിരുന്നു.
തദ്ദേശ തലത്തില്‍ 3 ലക്ഷം വോട്ടുകള്‍ മാത്രമെടുത്താല്‍ ശരാശരി ഒരു നിയമസഭാ മണ്ഡലത്തില്‍ 2,000 മുതല്‍ 4,000 വരെ ഉറച്ച വോട്ടുകള്‍ എന്നാണ് അര്‍ത്ഥം. ഈ സംഖ്യ ഒരു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനോ വിജയിപ്പിക്കാനോ കൃത്യമായി മതിയാകും. മാധ്യമങ്ങള്‍ പറയുന്ന ‘തരംഗങ്ങള്‍’ക്കപ്പുറം ഗ്രൗണ്ട് ലെവലില്‍ വോട്ടുകള്‍ നിയന്ത്രിക്കാന്‍ എസ്ഡിപിഐക്ക് സാധിക്കുമെന്നും അജ്മല്‍ കെ മുജീബ് ചൂണ്ടിക്കാട്ടി.