08
Oct 2023
Mon
08 Oct 2023 Mon

മാര്‍ട്ടിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; യഹോവ സാക്ഷികളുടെ വിശ്വാസം തെറ്റാണെന്ന് ബോധ്യപ്പെടുത്താനാണ് ആക്രമണമെന്നതില്‍ ഉറച്ച് പ്രതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കളമശേരി ബോംബ് സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതി ഡൊമിനിക് തന്നെയാണോ എന്ന ഔദ്യോഗിക സ്ഥിരീകരണവും അന്വേഷണ സംഘം ഇന്ന് നല്‍കും. ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് കളമശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉച്ചയോടെയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. എഫ്‌ഐആറില്‍ യുഎപിഎ ചുമത്തിയതിനാല്‍ സംസ്ഥാന പൊലീസ് അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം കേസ് എന്‍ഐഎയ്ക്ക് കൈമാറും.

പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. നിലവില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ സമാന്തരമായി അന്വേഷണം നടത്തുകയാണ്. പ്രതിയുടെ വീട്ടില്‍ അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ ടൂള്‍ ബോക്‌സും, സ്‌ഫോടനത്തിനായി ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന റിമോര്‍ട്ടും കണ്ടെത്തി. സ്‌ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളും പ്രതിയുടെ മൊഴിയും കേസില്‍ നിര്‍ണായകമാണ്.

ഡൊമിനിക് മാര്‍ട്ടിനെതിരെ യുഎപിഎ, കൊലപാതകം, വധശ്രമം, സ്‌ഫോടക വസ്തു നിരോധന നിയമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ കൂടി പ്രത്യേക അന്വേഷണ സംഘം കൂട്ടി ചേര്‍ത്തേക്കും. എന്‍ഐഎ, എന്‍എസ്ജി സംഘങ്ങള്‍ പ്രതിയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും. സംഭവത്തിന് പിന്നില്‍ രാജ്യ വിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സംശയം.

കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്ന് തവണ ഡൊമിനിക് എത്തിയതായി മൊഴി നല്‍കിയിട്ടുണ്ട്. ബോംബ് വെച്ച ശേഷം റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന മൊബൈല്‍ ദൃശ്യങ്ങളുടെ ആധികാരികതയും അന്വേഷണ സംഘം പരിശോധിക്കും. കേസില്‍ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ കൂടി ചുമത്തിയ ശേഷമാകും കൂടുതല്‍ നടപടിയുണ്ടാവുക.

യഹോവ സാക്ഷികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തര്‍ക്കമാണ് തന്നെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നുമാണ് ഡൊമിനിക് മാര്‍ട്ടിന്റെ ആദ്യ മൊഴി. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം കണക്കിലെടുത്തിട്ടില്ല. സ്‌ഫോടനം നടത്തുന്നതിന് ഉപയോഗിച്ച വസ്തുക്കള്‍ എവിടെ നിന്നാണ് വാങ്ങിയതെന്നും, സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ മറ്റ് സഹായം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനും ഡൊമിനിക് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇന്റര്‍നെറ്റിന്റെ സഹായത്താലാണ് സ്‌ഫോടനം നടത്തിയതെന്ന വാദം തള്ളുകയാണ് പൊലീസ്. കൃത്യം നടത്താന്‍ ഒന്നിലധികം പേരുടെ സഹായം പ്രതിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഡൊമിനികിന്റെ ഫോണ്‍ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

തമ്മനം ജങ്ഷനുസമീപം ഫെലിക്‌സ് റോഡില്‍ ഒരു വീടിന്റെ രണ്ടാംനിലയില്‍ അഞ്ചുവര്‍ഷത്തിലേറെയായി വാടകയ്ക്ക് താമസിക്കുകയാണ് മാര്‍ട്ടിന്‍ ഡൊമനിക്. ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഭാര്യയെ തട്ടിവിളിച്ച് പോകുകയാണെന്നുപറഞ്ഞ് ഇറങ്ങുകയായിരുന്നു മാര്‍ട്ടിന്‍. എവിടേക്കാണെന്ന് വ്യക്തമായി പറഞ്ഞില്ല. ഭാര്യയും ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്ന മകളുമാണ് ഒപ്പമുള്ളത്. മകന്‍ ഇംഗ്ലണ്ടിലാണ് പഠിക്കുന്നത്.എളംകുളം വേലിക്കകത്ത് വീട്ടിലെ ഏഴുമക്കളില്‍ ഇളയ ആളാണ് മാര്‍ട്ടിന്‍. പത്താംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂവെന്നാണ് ഭാര്യ പ്രദേശവാസികളോട് പറഞ്ഞത്.

യഹോവയുടെ സാക്ഷി എന്ന വിശ്വാസസമൂഹത്തോടൊപ്പമായിരുന്നു മാര്‍ട്ടിനും കുടുംബവും. എന്നാല്‍, നാലഞ്ചുവര്‍ഷമായി അവരില്‍നിന്ന് അകന്നു. ഭാര്യയും മക്കളുമൊക്കെ ഈ വിശ്വാസത്തില്‍നിന്ന് അകന്നിരുന്നു. മറ്റേതെങ്കിലും വിശ്വാസസമൂഹത്തോടൊപ്പം ചേര്‍ന്നിരുന്നില്ല.അറസ്റ്റിനുപിന്നാലെ പോലീസ് വീട്ടിലെത്തി ഭാര്യയുടെയും മകളുടെയും മൊഴിയെടുത്തു. ഇവരുടെ വിശ്വാസം തെറ്റാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം മാര്‍ട്ടിന്റെ സാഹസികതയെന്നാണ് ഭാര്യ പോലീസിനോടടക്കം പറഞ്ഞത്.അഞ്ചുമുറിയില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന സ്ഥാപനം മാര്‍ട്ടിന്‍ നടത്തിയിരുന്നു. കോവിഡിനെത്തുടര്‍ന്ന് ഇത് നിര്‍ത്തി. തുടര്‍ന്ന്, ഗള്‍ഫിലേക്ക് പോയി. അവിടെ നിര്‍മാണക്കമ്പനിയില്‍ ഫോര്‍മാനായി ജോലിചെയ്യുകയായിരുന്നു. രണ്ടുമാസംമുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. മാര്‍ട്ടിന്‍ ഒരു ശല്യക്കാരനായിരുന്നില്ല എന്നാണ് വീട്ടുടമ പറഞ്ഞത്. സമീപവാസികള്‍ക്കും നല്ലതുമാത്രമാണ് പറയാനുള്ളത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക