14
Sep 2026
Mon
14 Sep 2026 Mon
Dr KT Abdurabb opinion

ഡോ.കെ.ടി അബ്ദുറബ്ബ് എഴുതുന്നു
സ്ത്രീ സ്വർണമാലയാണ്, പെട്ടിയിൽ സൂക്ഷിക്കണം. തുറന്നിട്ട ആട്ടുകല്ലല്ല, തുരുമ്പെടുക്കാൻ വിടരുത്. ആഗസ്റ്റ് അവസാനം കൊച്ചിയിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ ഈ താരതമ്യം കേരളത്തിൽ വലിയ വിവാദത്തിന് വഴിവച്ചു. പതിവുപോലെ, ദിവസങ്ങൾക്കകം ആ വിവാദം പുതിയ തലക്കെട്ടുകൾക്ക് വഴിമാറി.ഈ വിവാദം അവസാനിക്കുന്നിടത്താണ് മറ്റൊരു ചോദ്യം തുടങ്ങേണ്ടത്. ഒരു മതപണ്ഡിതൻ സ്ത്രീകളെ വീട്ടിനുള്ളിൽ നിർത്തണമെന്നു പറഞ്ഞതിൽ നമുക്ക് രോഷമുണ്ടെങ്കിൽ, അതേ കണ്ണുകൊണ്ട് നമ്മുടെ സ്വന്തം നിയമസഭയിലേക്ക് ഒന്നു നോക്കാമോ?

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

140 അംഗ കേരള നിയമസഭയിൽ ഇപ്പോൾ 11 സ്ത്രീകൾ മാത്രം, 7.9 ശതമാനം. 1957 മുതൽ 69 വർഷമായി, ഒരിക്കൽപ്പോലും ഈ സംഖ്യ പത്തു ശതമാനം കടന്നിട്ടില്ല. 21 അംഗ സതീശൻ മന്ത്രിസഭയിൽ രണ്ടു സ്ത്രീകൾ മാത്രം; ധനം, ആഭ്യന്തരം, ആരോഗ്യം, റവന്യൂ ഒന്നും അവർക്കു ലഭിച്ചിട്ടില്ല.

മുസ്ലിം ലീഗിനും കേരള കോൺഗ്രസിനും 2026 വരെ ഒരു വനിതാ എംഎൽഎ പോലും ഉണ്ടായിരുന്നില്ല. ഈ വർഷമാണ് പേരാമ്പ്രയിൽനിന്ന് ഫാത്തിമ തഹ്ലിയ ലീഗിന്റെ ആദ്യ വനിതാ എംഎൽഎ ആയത്, 78 വർഷത്തെ പാർട്ടി ചരിത്രത്തിൽ ആദ്യമായി. ശിരോവസ്ത്രം ധരിക്കുന്ന ആ യുവ അഭിഭാഷക. വസ്ത്രമല്ല, സ്വന്തം തീരുമാനമെടുക്കാനുള്ള അവകാശമില്ലായ്മയാണ് അടിച്ചമർത്തലിന്റെ യഥാർത്ഥ അടയാളം എന്ന് അവരുടെ ജീവിതം ഓർമിപ്പിക്കുന്നു.

ദേശീയതലത്തിലേക്കു നോക്കിയാൽ കണക്കുകൾ ഇതിലും അസ്വസ്ഥപ്പെടുത്തുന്നതാണ്. ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ, ഉയർന്ന സാക്ഷരതയും “പുരോഗമനവും” അവകാശപ്പെടുന്ന കേരളമടക്കം ഒരിടത്തും ഇന്നുവരെ ഒരു മുസ്ലിം സ്ത്രീയെ ലോക്സഭയിലേക്ക് അയച്ചിട്ടില്ല. സ്വാതന്ത്ര്യാനന്തരം ഇന്ത്യയൊട്ടാകെ 18 മുസ്ലിം സ്ത്രീകൾ മാത്രമേ ലോക്സഭയിൽ എത്തിയിട്ടുള്ളൂ; അഞ്ചു ലോക്സഭകളിൽ ഒരാൾ പോലും ഇല്ലായിരുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ ആശങ്ക രാഷ്ട്രീയ പാർട്ടികളിലേക്കും നമ്മുടെ വോട്ടിംഗ് രീതികളിലേക്കും കൂടി നീളണം.

2024ലെ ലോക്സഭയിൽ 73 സ്ത്രീകളാണ് തിരഞ്ഞെടുക്കപ്പെട്ടത്; 543 അംഗ സഭയിൽ അത് 13.4 ശതമാനം മാത്രം. സ്ഥാനാർത്ഥിപ്പട്ടിക പരിശോധിച്ചാൽ ഇതു കൂടുതൽ വ്യക്തമാവും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്താകെയുള്ള 800 വനിതാ സ്ഥാനാർത്ഥികളാണ് മത്സരിച്ചത്, ആകെ സ്ഥാനാർത്ഥികളുടെ 9.6 ശതമാനം മാത്രം. ജയസാധ്യതയുള്ള മണ്ഡലങ്ങൾ മിക്കപ്പോഴും മുതിർന്ന പുരുഷ നേതാക്കൾക്കായി മാറ്റിവയ്ക്കപ്പെടുമ്പോൾ, സ്ത്രീകൾക്കു കിട്ടുന്നത് പലപ്പോഴും തോൽക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളാണ്. കൂടുതൽ സ്ത്രീകളെ സ്ഥാനാർത്ഥികളാക്കുന്നത് അധികാരം പങ്കിടുന്നതിനു തുല്യമല്ല എന്നു ചുരുക്കം.

വിചിത്രമായ വൈരുദ്ധ്യം ഇതാണ്: കേരളത്തിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും സ്ത്രീകൾക്ക് 50 ശതമാനം സംവരണമുണ്ട്. സംവരണം ഉറപ്പാക്കിയപ്പോൾ ആ ഇടത്തിന്റെ പകുതി സ്ത്രീകൾക്കായി തുറന്നുകൊടുക്കാൻ കേരളത്തിന് കഴിഞ്ഞു. എന്നാൽ അധികാരം മുകളിലേക്കു കയറുന്തോറും, പാർട്ടികളുടെ വിവേചനാധികാരത്തിന്റെ കൈകളിലേക്കു വരുന്തോറും, സ്ത്രീകൾ അപ്രത്യക്ഷമാകുന്നു. 2023ൽ പാർലമെന്റ് പാസാക്കിയ, ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് സീറ്റ് സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന നിയമം പോലും, ജനസംഖ്യാ കണക്കെടുപ്പിനും മണ്ഡലപുനർനിർണയത്തിനും ശേഷമേ നടപ്പാക്കാനാകൂ എന്ന വ്യവസ്ഥയിൽ ഇനിയും നടപ്പാകാതെ കിടക്കുകയാണ്.

ശിരോവസ്ത്രത്തിന്റെ പേരിൽ മാത്രം ഒരു സമുദായത്തെ വിചാരണ ചെയ്യുന്നതും നീതിയല്ല. കഴിഞ്ഞ വർഷം കൊച്ചിയിലെ ഒരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂൾ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതിരുന്നപ്പോൾ, കന്യാസ്ത്രീകളുടെ മൂടുപടം “ഭക്തി”യും മുസ്ലിം പെൺകുട്ടിയുടെ തട്ടം “അടിച്ചമർത്തലും” ആയി വായിക്കപ്പെടുന്ന ഇരട്ടത്താപ്പ് വീണ്ടും തുറന്നുകാട്ടപ്പെട്ടു. ചോദ്യം തുണിയുടെ നിറമോ രൂപമോ അല്ല; അതു ധരിക്കുന്ന സ്ത്രീക്ക് തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമുണ്ടോ എന്നതാണ്.

ശബരിമലയിൽ സ്ത്രീപ്രവേശനത്തെ എതിർത്തവരും, കാന്തപുരത്തിന്റെ വാക്കുകളെ ന്യായീകരിച്ചവരും, ദശകങ്ങളായി ഒരു വനിതാ എംഎൽഎയെപ്പോലും സൃഷ്ടിക്കാത്ത പാർട്ടികൾ നടത്തുന്നവരും സ്ത്രീകളെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുന്ന കാര്യത്തിൽ വലിയ വ്യത്യാസമില്ലാത്തവരാണ്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും, ഇടതും വലതും മധ്യവും, ഒരേ അളവിൽ സ്ത്രീകളെ അധികാരത്തിന്റെ പുറംപോക്കിൽ നിർത്തുന്നു. കേരളത്തിൽ പുരുഷന്മാരെക്കാരേക്കാൾ എണ്ണത്തിൽ കൂടുതലാണ് സ്ത്രീകൾ എന്നുകൂടി ഓർക്കണം.

അതുകൊണ്ട് കാന്തപുരം എന്തു പറഞ്ഞു എന്നു ചോദിക്കുന്നതോടൊപ്പം ; കേരളം എന്തു ചെയ്യുന്നു എന്നു കൂടി നോക്കണം. ശേഷം വേണം സ്ത്രീ സ്വാതന്ത്ര്യവും അവകാശങ്ങളും ചർച്ച ചെയ്യാൻ. അത് അളക്കേണ്ടത് അവൾ വേദിയിൽ നിൽക്കുന്നുണ്ടോ, തലമറച്ചിട്ടുണ്ടോ എന്നു നോക്കിയല്ല; അധികാരത്തിന്റെ മേശയ്ക്കരികിൽ അവൾക്ക് ഒരു കസേരയുണ്ടോ എന്നു നോക്കിയാണ്. ആ കസേരകൾ എണ്ണിനോക്കിയാൽ, കേരളം അഭിമുഖീകരിക്കേണ്ടത് ഒരു മതപണ്ഡിതനെയല്ല, കണ്ണാടിയിൽ സ്വന്തം മുഖത്തെയാണ്.

മുസ്ലിം സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നമുക്ക് ആശങ്കയുണ്ടെങ്കിൽ, അതേ ആശങ്ക ഹിന്ദു സ്ത്രീക്കും ക്രിസ്ത്യൻ സ്ത്രീക്കും വേണ്ടിയും ഉണ്ടാകണം. അല്ലാത്തപക്ഷം, സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വാദം എന്നതിനേക്കാൾ, ഒരു സമുദായത്തെ മാത്രം ലക്ഷ്യമിടുന്ന വിമർശനമായി അത് ചുരുങ്ങിപ്പോകും.

ALSO READ: പശ്ചിമ ബംഗാളിൽ 252 മദ്റസകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ്; 100 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക