കോട്ടയം: ശക്തമായ മഴയിലും കാറ്റിലും റോഡിലേക്ക് കടപുഴകി വീണ മരത്തിൽ ഓട്ടോയിടിച്ച് മീൻ വിൽപ്പനക്കാരൻ മരിച്ചു. തൃശൂർ ചുവന്നമണ്ണ് വള്ളിക്കാട്ടിൽ ബിജു ജോസ് (42) ആണ് മരിച്ചത്. വൈക്കം- തൊടുപുഴ റോഡിൽ കാഞ്ഞിരമല കോൺവെന്റിനു സമീപം ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം. വെളിയന്നൂർ- അരീക്കര റോഡിൽ മീൻ വിൽപ്പന നടത്തിവരുന്ന ബിജു കാഞ്ഞിരമല ഭാഗത്ത് വാടക വീട്ടിലാണ് താമസം.
|
പുലർച്ചെ വിൽപ്പനയ്ക്കുള്ള മീൻ വാങ്ങുന്നതിനായി ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് അപകടം ഉണ്ടായത്. രാത്രി ഈ ഭാഗത്തുണ്ടായ കാറ്റിൽ ആഞ്ഞിലി മരം റോഡിലേക്ക് വീണു കിടക്കുകയായിരുന്നു. ഇതിലാണ് ബിജുവിൻ്റെ ഓട്ടോയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്നു റോഡിലേക്ക് തെറിച്ചു വീണ ബിജുവിന്റെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി ഉടൻ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ബ്ലെസി. മക്കൾ: ജഫ്രിൻ, ജസ്റ്റിന, ജസിയ. (മൂവരും വിദ്യാർഥികൾ).
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





