02
Jan 2024
Wed
02 Jan 2024 Wed

ദുബായി കുടുംബ ജീവിതങ്ങൾ ഭദ്രമാവാൻ പെൺകുട്ടികൾക്ക് വിദ്യഭ്യാസവും സ്വയം പര്യാപ്തതയും ഉണ്ടായിരിക്കൽ അനിവാര്യമായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പൂത്തൂർ റഹ്‌മാൻ. മൂടാടി പഞ്ചായത്ത് ദുബായി കെഎംസിസി അൽ ഖിസൈസ് ഇന്റർ നാഷണൽ സ്‌കൂളിൽ സംഘടിപ്പിച്ച ഫെസ്റ്റിവേഴ്സ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വളർന്നു വരുന്ന തലമുറ വിദ്യഭ്യാസത്തിലും ജോലിയിലും ഏറെ താൽപര്യവും ശ്രദ്ധയും പുലർത്തുന്നവരാണ്. പെൺകുട്ടികളിലും ഈ മാറ്റം വലിയ രീതിയിൽ പ്രകടമാണ്. ഇത് അനിവാര്യമായൊരു മാറ്റമാണ്. കുട്ടികൾ വളർന്നു വരുമ്പോഴേ അവരിൽ തന്റെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടും ലക്ഷ്യബോധവും വളർത്തിക്കൊണ്ടു വരാൻ രക്ഷിതാക്കൾക്ക് സാധിക്കണം. ഹൈസ്‌കൂൾ കാലഘട്ടം മുതലേ ഈ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ ശ്രദ്ധിക്കണം. നമ്മുടെ മക്കളുടൈ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കലും ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കലും അനിവാര്യമാണ്. പലപ്പോഴും മാതാപിതാക്കൾക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കിട്ടാതെ പോവുന്നതാണ് പല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടികൾക്ക് ജോലിയിലും വരുമാനത്തിലും സ്വയം പര്യാപ്തത നേടിയിരിക്കൽ അനിവാര്യമാണെന്ന് സമീപകാലത്ത് ചലി കുടുംബ പ്രശ്‌നങ്ങളിൽ ഇടപെട്ടപ്പോൾ തനിക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും പുത്തൂർ റഹ്‌മാൻ കൂട്ടിച്ചേർത്തു. റാഷിദ് വി.കെ.കെ അദ്ധ്യക്ഷത വഹിച്ചു. ഇസ്മാഈൽ ഏറാമല മുഖ്യപ്രഭാഷണം നടത്തി.

കുടുംബസംഗമം,സാംസ്‌കാരിക സമ്മേളനം,കുട്ടികളുടെ കലാപരിപാടികൾ തുടങ്ങി വിവിധ സെഷനുകളായി നടത്തിയ വിവിധ പരിപാടികളിൽ നൂറുകണക്കിന് കുടുംബങ്ങൾ സംബന്ധിച്ചു. അഷ്‌റഫ് പള്ളിക്കര, വി.കെ.കെ. റിയാസ്, നാസിം പാണക്കാട്, ജലീൽ മഷ്ഹൂർ തങ്ങൾ നിഷാദ് മൊയ്തു തുടങ്ങിയവർ സംസാരിച്ചു. ഷഫീഖ് സംസം സ്വാഗതവും യൂനുസ് വരിക്കോളി നന്ദിയും പറഞ്ഞു.