13
Nov 2023
Thu
13 Nov 2023 Thu

വാഹനങ്ങളുടെ നിയമലംഘനം; ഇ ചലാനുകള്‍ ഇനി മലയാളത്തിലും, പരാതികള്‍ അറിയിക്കാം, അവയുടെ സ്ഥിതി അറിയാം; മറ്റ് സൗകര്യങ്ങള്‍ ഇങ്ങനെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: മോട്ടര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തി തയാറാക്കുന്ന ഇ ചലാനുകള്‍ ഇനി മലയാളത്തിലും വായിക്കാം. നേരത്തെ ഇംഗ്ലിഷ്, ഹിന്ദി ഭാഷകളില്‍ ആയിരുന്നു വിവരണം. ഇപ്പോള്‍ ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ മാറ്റം വരുത്തിയിട്ടുണ്ട്. വാഹന ഉടമക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം എന്താണെന്നത് ഉടമകള്‍ക്ക് വ്യക്തമായി മനസിലാക്കാനാകും. ഇ ചലാന്‍ ലഭിക്കുമ്പോള്‍ എന്തെങ്കിലും പരാതികള്‍ ഉന്നയിക്കാന്‍ വെബ് മേല്‍വിലാസവും വിലാസവും ഉള്‍പ്പെടുത്തി https://echallan.parivahan.gov.in/gsticket എന്ന മേല്‍വിലാസം എല്ലാ ഇ ചലാനുകളിലും പ്രിന്റ് ചെയ്തു വരും. പേര്, ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം, ഇ ചലാന്‍ നമ്പര്‍, വാഹന നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തി എന്താണു പരാതി എന്നറിയിക്കാം. ഇത്തരത്തില്‍ പരാതിപ്പെടുമ്പോള്‍ ടിക്കറ്റ് നമ്പര്‍ ലഭിക്കും. ഫോട്ടോയും അപ്ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. പിഴ അടയ്ക്കാന്‍ ഉള്ള തടസങ്ങള്‍, വാഹനത്തിന്റെ നമ്പര്‍ മാറിയതു മൂലം തെറ്റായ പിഴ ലഭിക്കല്‍, എന്താണു നിയമലംഘനം എന്നു രേഖപ്പെടുത്താതിരിക്കല്‍, രേഖകള്‍ കണ്ടുകെട്ടല്‍, പിഴ അടച്ചിട്ടും വാഹന്‍ പോര്‍ട്ടലില്‍നിന്നും മറ്റ് സര്‍വീസുകള്‍ ലഭിക്കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ക്ക് ഇ പോര്‍ട്ടല്‍ വഴി പരാതിപ്പെടാം.

മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാക്കുന്ന ഇ ചലാനുകളെപ്പറ്റിയും എഐ ക്യാമറ വഴി തയാറാക്കുന്ന ഇ ചലാനുകളെ പറ്റിയും ഇതുവഴി പരാതി ഉന്നയിക്കാന്‍ വാഹന ഉടമകള്‍ക്ക് കഴിയും. തെറ്റായതും അവ്യക്തവുമായ ചലാനുകള്‍ ലഭിക്കുന്നവര്‍ക്ക് പരാതിപ്പെടാന്‍ നേരത്തെ പൊതുവായ വെബ് പോര്‍ട്ടല്‍ ഇല്ലാതിരുന്നതു മൂലം വാഹന ഉടമകള്‍ വിവിധ ഓഫിസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയായിരുന്നു. ഈ ചലാന്‍ തയാറാക്കുന്ന ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ നമ്പരും ഇനിമുതല്‍ ചലാനുകളില്‍ പ്രിന്റ് ചെയ്തു വരും. തെറ്റായ ചലാന്‍ ലഭിച്ചാല്‍ ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിക്കാം. പരിഹാരം ലഭിച്ചില്ലെങ്കില്‍ പരാതിപ്പെടാം.

വെബ് പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികള്‍ അതത് ഓഫിസ് മേധാവികളുടെ അഡ്മിന്‍ ഐഡിയില്‍ ലഭിക്കും. ഇവര്‍ ഉദ്യോഗസ്ഥനോടു വിശദീകരണം ആവശ്യപ്പെടുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സ്വീകരിച്ച നടപടി വെബ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും. പരാതി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടിക്കറ്റ് നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ തല്‍സ്ഥിതി വാഹന ഉടമകള്‍ക്ക് പരിശോധിക്കുകയും ചെയ്യാം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക