കലിംഗ സൂപ്പര്‍ കപ്പില്‍ ഈസ്റ്റ് ബംഗാള്‍ ഫൈനലില്‍; എതിരാളിയെ ഇന്നറിയാം
|
ഭൂവനേശ്വര്‍: ഈസ്റ്റ് ബംഗാള്‍ കലിംഗ സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍. ഇന്നലെ നടന്ന ആദ്യ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജംഷഡ്പുര്‍ എഫ്.സിയെ പരാജയപ്പെടുത്തിയായിരുന്നു ഈസ്റ്റ് ബംഗാള്‍ കലാശക്കളിക്ക് യോഗ്യത നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മോഹന്‍ ബഗാനിനെ 3- 1ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഈസ്റ്റ് ബംഗാള്‍ ജാംഷഡ്പുരിനെ നേരിട്ടത്. 19ാം മിനിറ്റില്‍ ഹിജാസി മെഹറിലൂടെയാണ് ബംഗാള്‍ ആദ്യ ലീഡെടുക്കുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 47ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ലീഡ് ഇരട്ടിയാക്കി. സ്പാനിഷ് സ്‌ട്രൈക്കര്‍ ഹാവിര്‍ സിവേറിയോയാണ് ഗോള്‍ നേടിയത്.
ഇന്ന് രാത്രി 7.30ന് നടക്കുന്ന രണ്ടാം സെമിയില്‍ ഒഡിഷ എഫ്.സിയും മുംബൈ സിറ്റി എഫ്.സിയും ഏറ്റുമുട്ടും. ഇതിലെ വിജയികളാകും ഫൈനലിലെ ഈസ്റ്റ് ബംഗാളിന്റെ എതിരാളി. ഞായറാഴ്ച രാത്രി 7.30നാണ് ഫൈനല്‍.
2018ലാണ് കൊല്‍ക്കത്തന്‍ ക്ലബ്ബ് അവസാനമായി സൂപ്പര്‍ കപ്പ് ഫൈനലിലെത്തിയത്. അന്ന് ബംഗളൂരു എഫ്‌സിയോട് 1- 4ന് പരാജയപ്പെടുകയായിരുന്നു.


