20
Apr 2025
Fri
20 Apr 2025 Fri

കൊൽക്കത്ത: ഇന്ത്യൻ വുമൺ ലീഗിലെ അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ കേരളത്തിൽനിന്നുള്ള ഗോകുലം കേരളയെനേരിടും. ഫലം എന്തായാലും ഈസ്റ്റ് ബംഗാളിന് ആകും കിരീടം. സീസണിൽ 13 മത്സരം പൂർത്തിയാക്കിയ ഈസ്റ്റ് ബംഗാൾ 11 ജയം ഓരോന്ന് വീതം സമനില, തോൽവി എന്നിവ നേടി 34 പോയിന്റ് നേടിയാണ് കിരീടം ബംഗാൾ ടീം ഉറപ്പിച്ചിട്ടുള്ളത്. ചടങ്ങിന് വേണ്ടി മാത്രമാണ് ഇന്നത്തെ മത്സരം പൂർത്തിയാക്കുന്നത്. 13 മത്സരത്തിൽനിന്ന് 29 പോയിന്റുള്ള ഗോകുലം രണ്ടാം സ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തത്. ഇതുവരെ കളിച്ച 13 മത്സരത്തിൽ രണ്ട് തോൽവി, രണ്ട് സമനില ഒൻപത് ജയം എന്നിവയാണ് ഗോകുലം കേരളയുടെ ഇതുവരെയുള്ള സമ്പാദ്യം. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനവുമായി കളംനിറഞ്ഞ് കളിച്ചെങ്കിലും ഇടക്ക് നേരിട്ട തോൽവിയും സമനിലയുമായിരുന്നു ഗോകുലത്തിന് തിരിച്ചടിയായത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഈസ്റ്റ് ബംഗാളിനെതിരേയുള്ള ഹോം മത്സരത്തിൽ ഗോകുലം കേരള അവരെ തകർത്തിരുന്നു. അതിനാൽ ഇന്നത്തെ മത്സരത്തിൽ ജയത്തോടെ സീസൽ അവസാനിപ്പിക്കുക എന്ന ഉദ്യേശത്തോടെയാണ് മലബാറിയൻസിന്റെ പെൺ പുലികൾ കളത്തിലിറങ്ങുന്നത്. അതേസമയം വിദേശ താരങ്ങളായ പ്രതിരോധത്തിലെ മിന്നും താരം ഫിയോബി, മുന്നേറ്റതാരം ഫസീല എന്നിവർ ഇല്ലാതെയാണ് ഗോകുലം ഇറങ്ങുന്നത്. പരുക്ക് കാരണമാണ് രണ്ട് താരങ്ങളും പുറത്തിരിക്കുന്നത്. പൂർണമായും ഇന്ത്യൻ താരങ്ങൾ മാത്രമാണ് ഇന്ന് മലബാറിയൻസിനായി അണിനിരക്കുന്നത്. രത്തൻ ബാലയാണ് ഗോകുലം കേരളയെ ഇന്നത്തെ മത്സരത്തിൽ നയിക്കുക. ” സീസണിന്റെ തുടക്കത്തിൽ കിരീടപ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി നേരിട്ട ചില തോൽവികളായിരുന്നു ടീമിന് തിരിച്ചടിയായത്. ശക്തരായ എതിരാളികളെ തോൽപ്പിക്കാൻ കഴിഞ്ഞെങ്കിലും ദുർബലരായ എതിരാളികൾക്കെതിരേയുള്ള സമനിലയും തോൽവിയും ടീമിന് കനത്ത തിരിച്ചടിയായെന്ന് പരിശീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിരീടം ഉറപ്പിച്ച ഈസ്റ്റ് ബംഗാൾ സ്വന്തം തട്ടകത്തിൽ എവേ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാൻ ഉറച്ചാകും കളത്തിലിറങ്ങുക. ഇന്ന് വൈകിട്ട് 3.30നാണ് മത്സരം തുടങ്ങുക.