ന്യൂഡല്‍ഹി: ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് പ്രകാരമാണ് നടപടി. നീതിപൂര്‍വ്വമായി തിരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനാണ് നടപടിയെന്നാണ് ന്യായീകരണം. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ( EC transfers Home Secretaries of 6 states, Bengal DGP ahead of Lok Sabha polls )
|
ഇതിനു പുറമെ ബംഗാള്‍ ഡിജിപി, ഹിമാചല്‍പ്രദേശ്, മിസോറം ജനറല്‍ അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറിമാര്‍ എന്നിവരെ മാറ്റാനും ഉത്തരവുണ്ട്. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിങ് ചാഹലാണ് മാറ്റാന്‍ നിര്‍ദേശം ലഭിച്ച മറ്റൊരു ഉദ്യോഗസ്ഥന്‍.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അടുത്ത ബന്ധമുള്ളയാളാണ് ഡിജിപി രാജീവ് കുമാര്‍. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്‍പ് ബംഗാള്‍ ഡിജിപിമാരെ മാറ്റിയിരുന്നു.
മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയവരും സ്വന്തം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നവരുമായ തിരഞ്ഞെടുപ്പ് ജോലിയുമായ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, മഹാരാഷ്ട്ര ഇക്കാര്യം നടപ്പിലാക്കാന്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ അനിഷ്ടം പ്രകടിപ്പിച്ച കമ്മീഷന്‍ ഇന്ന് 6 മണിക്കകം ബിഎംസി ഡയറക്ടറെയും അഡീഷനല്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാരെയും മാറ്റാന്‍ ഉത്തരവിട്ടു.





