അതിവേഗം വളരുകയും അതിലുംവേഗം പതനത്തിലേക്കു കൂപ്പുകുത്തുകയും ചെയ്ത എജ്യു ടെക് സ്ഥാപനം ബെജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ലുക്കൗണ്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകള്‍ നേരിടുന്ന ബൈജു രവീന്ദ്രന്‍ രാജ്യം വിട്ടുപോവുന്നതിന് തടയാനാണ് ഇഡി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.(ed issues look out notice to baiju raveendran)
|
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇഡി ബൈജൂസിനെതിരേ അന്വേഷണം ആരംഭിച്ചത്. വിദേശ നാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചത് സംബന്ധിച്ച അന്വേഷണമാണ് ഇഡി നടത്തുന്നത്. 2011 മുതല്‍ 2023 വരെ ബൈജൂസ് ആപ്പിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി 28,000 കോടിയാണ് സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതേ കാലയളവില്‍ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് ബൈജൂസ് 9,754 കോടി രൂപ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്ക് അയച്ചതില്‍ പരസ്യങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും വേണ്ടി ചെലവഴിച്ച 944 കോടി രൂപയും ഉള്‍പ്പെടുന്നുണ്ട്.
2020 -21 സാമ്പത്തിക വര്‍ഷം മുതല്‍ കൈവശം സൂക്ഷിക്കേണ്ട സാമ്പത്തിക രേഖകള്‍ കമ്പനി തയ്യാറാക്കിയിട്ടില്ലെന്നും നിയമപരമായി പാലിക്കേണ്ട അക്കൗണ്ട് ഓഡിറ്റിങ്ങ് നടത്തിയിട്ടില്ലെന്നും ഇഡി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വരെ ഏറ്റെടുത്ത ബൈജൂസ് വിദേശരാജ്യങ്ങളിലും ചുവടുറപ്പിച്ചിരുന്നു. ഇതിനിടെയാണ് കമ്പനി തകര്‍ച്ച നേരിട്ടതും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും. ആസ്തികള്‍ വിറ്റ് കടബാധ്യത തീര്‍ക്കാനുള്ള ബൈജു രവീന്ദ്രന്റെ ശ്രമങ്ങളും വിജയം കണ്ടിരുന്നില്ല. വലിയ ബാധ്യതയാണ് ബൈജൂസ് നിലവില്‍ നേരിടുന്നത്. ബൈജൂസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തും പഠനമെറ്റീരിയലുകള്‍ വാങ്ങുകയും ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങളില്‍ നിന്ന് ബ്ലേഡ് മാഫിയകളെ പോലെ പണം ഊറ്റിയിരുന്ന കമ്പനിക്കെതിരേ നിരവധി പരാതികളാണ് മുമ്പ് ഉയര്‍ന്നിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





