തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ 100.3028 ദശലക്ഷം യൂണിറ്റ് ആയിരുന്നു വൈദ്യുതി ഉപഭോഗം. 2022 ഏപ്രിൽ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡാണ് ഇപ്പോൾ മറികടന്നത്. ഇതിന്റെ ചുവടുപിടിച്ച് വൈദ്യുതി ആവശ്യകതയും വർധിച്ചിട്ടുണ്ട്. വൈദ്യുതി ആവശ്യകത 4903 ആയി ഉയർന്നും റെക്കോർഡിട്ടിരിക്കുകയാണ്.
|
സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസമായി വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. തിങ്കളാഴ്ച (82.30), ചൊവ്വാഴ്ച (90.61), ബുധനാഴ്ച (95.61) ദശലക്ഷം യൂണിറ്റുമായിരുന്നു ഉപയോഗം.
ഈ ദിവസങ്ങളിൽ കടുത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച 82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചൊവ്വാഴ്ച 90 ദശലക്ഷം യൂണിറ്റ് കടന്നു. വൈദ്യുതി ഉപഭോഗം കൂടിയതോടെ, വൈദ്യുതി ഉൽപ്പാദനവും വർധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളിൽ 1735 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ഉള്ളത്. കഴിഞ്ഞ വർഷങ്ങളിൽ സമാന കാലയളവിലെ ജലനിരപ്പിനേക്കാൾ കുറവാണ് ഇത്തവണ അണക്കെട്ടുകളിലെ വെള്ളം.
വൈദ്യുതി ഉപയോഗം ഇത്തരത്തിൽ ക്രമാതീതമായി ഉയർന്നാൽ പ്രതിസന്ധി രൂക്ഷമാകാം. ഇതേ അവസ്ഥ തുടർന്നാൽ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ആശങ്കയുണ്ട്. അങ്ങനെ വന്നാൽ പുറത്ത് നിന്ന് കൂടിയ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടതായി വരും. ഇതിന് പുറമേ പീക്ക് അവറിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ വൈദ്യുതി നിയന്ത്രണം അടക്കമുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടതായും വരുമെന്നും ആശങ്കയുണ്ട്.





