27
Aug 2024
Fri
27 Aug 2024 Fri

മലപ്പുറം: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വൈറ്റ് ഗാർഡ് നിർവഹിച്ച പ്രവർത്തനങ്ങൾ സേവനരംഗത്തിന് പുതിയ വ്യാഖ്യാനതലങ്ങൾ എഴുതിച്ചേർത്തുവെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി പ്രസ്താവിച്ചു. മലപ്പുറത്ത് മുനിസിപ്പൽ വനിതാ ലീഗിന്റെ നേതൃത്വത്തിൽ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ സേവനരംഗത്തും പുതിയ സമീപനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി സഹോദരങ്ങളുടെ ജീവനുവേണ്ടി പ്രയത്നിക്കാൻ യുവത്വ കാലഘട്ടത്തിൽ തന്നെ മാനസികമായി തയ്യാറെടുത്ത് സന്നദ്ധരാവുന്നത് പുതിയ കാലഘട്ടത്തിൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്. സ്വന്തം ചുറ്റുപാടുകളിലേക്ക് യുവതലമുറകൾ ചുരുങ്ങി മാറുന്നു എന്നുള്ള വിശകലനങ്ങൾ അസ്ഥാനത്താക്കുന്നതാണ് സേവനരംഗത്തെ ചെറുപ്പക്കാരുടെ സമർപ്പണ സ്വഭാവത്തോട് കൂടിയുള്ള പ്രവർത്തനങ്ങൾ. വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രാഗത്ഭ്യത്തോട് കൂടി പ്രവർത്തിക്കാൻ കഴിഞ്ഞ വൈറ്റ്ഗാർഡ് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. സ്വയം സന്നദ്ധ സേവനത്തോടൊപ്പം സേവനത്തിന് എത്തിയവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ളത് നൽകി സേവകരുടെ സേവകരായി വൈറ്റ് ഗാർഡ് മാറിയെന്നും അദ്ദേഹം പറഞ്ഞു. സേവനരംഗത്ത് സമർപ്പണം ചെയ്ത വൈറ്റ് ഗാർഡ് വളണ്ടിയർമാരെ ആദരിക്കുന്നതിന് വനിതാ ലീഗ് കാണിച്ച മാതൃക പ്രശംസനീയാർഹമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആർദ്രതയും, കാരുണ്യവും, കഠിനാധ്വാനവും സമംചേർന്നിടത്ത് മാത്രമേ ആത്മാർത്ഥതയുള്ള പൊതുപ്രവർത്തകരെ സൃഷ്ടിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുൻസിപ്പൽ വനിതാ ലീഗ് പ്രസിഡണ്ട് മറിയുമ്മ ശരീഫ് കോണോത്തൊടി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് കാടേരി, സംസ്ഥാന സെക്രട്ടറി അഡ്വ: ഫാത്തിമ തഹ്ലിയ,മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി പി.കെ ബാവ,വനിത ലീഗ് സെക്രട്ടറി റിനിഷ റഫീഖ്,ഭാരവാഹികളായ മായ കെ പി, ആബിദ, നുസ്രത്ത്, സമീറ മുസ്തഫ നാണത്ത്, ടി ടി സൈനബ എന്നിവർ പ്രസംഗിച്ചു.