18
Apr 2024
Fri
18 Apr 2024 Fri

സംഘര്‍ഷം വ്യാപിപ്പിക്കാനുറച്ച് ഇസ്രായേല്‍; വീണ്ടും ഇറാനെതിരെ വ്യോമാക്രമണം, വെടിവച്ചിട്ട് ഇറാന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം വ്യാപിപ്പിക്കാനുറച്ച് ഇസ്രായേല്‍. അതിന്റെ ഭാഗമായി ഇറാനില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി. ഇറാനിലെ ഇസ്ഫഹാന്‍ മേഖലയില്‍ വിമാനത്താവളങ്ങളില്‍ അടക്കം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന നഗരങ്ങളിലെ വ്യോമഗതാഗതം ഇറാന്‍ നിര്‍ത്തിവെച്ചു. മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നിരവധി പ്രവിശ്യകളില്‍ ഇറാന്‍ സജ്ജമാക്കി. മിസൈലുകള്‍ തങ്ങളുടെ രാജ്യത്ത് പതിച്ചിട്ടില്ലെന്നും, ഇസ്രയേല്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും ഇറാന്‍ സൈന്യം അവകാശപ്പെട്ടു. ഇസ്ഫഹാനിലെ ആണവകേന്ദ്രങ്ങളെല്ലാം സുരക്ഷിതമാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുളള ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.

അതേസമയം ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നു എന്ന് അമേരിക്ക പ്രതികരിച്ചു. അപകടത്തില്‍ പരിക്ക് പറ്റിയവരെ കുറിച്ചും മറ്റ് നാശനഷ്ടങ്ങളെകുറിച്ചും വ്യക്തമായ വിവരങ്ങള്‍ ഇത് വരെ ലഭിച്ചിട്ടില്ല.

സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായി ഇസ്രയേലിനെതിരെ മൂന്ന് ദിവസം മുമ്പ് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ രണ്ട് ഇറാന്‍ ജനറല്‍മാര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായിട്ടാണ് നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഇസ്രയേലിന് നേര്‍ക്ക് ഇറാന്‍ പ്രയോഗിച്ചത്.

Explosions reported as Iran activates air defence systems