ആലപ്പുഴ: പവര്‍കട്ട് മൂലം ദുരിതത്തിലായ യുവാവ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചതിന് ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്. ആലപ്പുഴയിലെ പിഡിപി പ്രവര്‍ത്തകന്‍ അഹമ്മദ് കബീറിന്റെ ഫോണ്‍ ആണ് ആലപ്പുഴ സൗത്ത് പൊലീസ് പിടിച്ചെടുത്തത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് നടപടി.
|
പൊലീസിന്റെ നടപടി വിവാദമായതോടെ ഫോണ്‍ തിരികെ നല്‍കിയെങ്കിലും വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡിവൈഎസ്പിക്ക് പരിശോധിക്കണം എന്നുപറഞ്ഞാണ് വീണ്ടും ഫോണ്‍ വാങ്ങിക്കൊണ്ടു പോയത്. മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും പവര്‍കട്ടിനെ തുടര്‍ന്ന് മക്കള്‍ ഉറങ്ങാതെ കരഞ്ഞതോടെ പിതാവ് എന്ന നിലയിലാണ് വീഡിയോ ചെയ്തതെന്നും അഹമ്മദ് കബീര്‍ പറയുന്നു.
‘പൂക്കിയെന്ന് മാത്രമെ പറഞ്ഞിട്ടുള്ളൂ. മുഖ്യമന്ത്രിയെയാണ് പൂക്കിയെന്ന് പറയുകയെന്ന് എനിക്ക് അറിവില്ല. ന്യൂജെന്‍ പ്രയോഗം ആണ് അത്. അത്രയേ പ്രയോഗിച്ചുള്ളൂ. രാത്രി 2.30ന് കറന്റ് പോയതോടെ മക്കള്‍ വരെ എണീറ്റ് കരയുകയായിരുന്നു. നാളെ അവര്‍ക്ക് സ്‌കൂളില്‍ പോകേണ്ടതല്ലേ. രാത്രി ഉറങ്ങാതിരുന്നാല്‍ എങ്ങനാ. പിതാവ് എന്ന നിലയില്‍ എന്റെ ഫേസ്ബുക്കില്‍ പ്രതികരിച്ചുവെന്നേയുള്ളൂ. മുഖ്യമന്ത്രിയെ വ്യക്തിഹത്യചെയ്യുന്ന ഒന്നും തന്നെ ചെയ്തിട്ടില്ല’, അഹമ്മദ് കബീര്‍ പറയുന്നു.
അഹമ്മദ് കബീറിനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ല. ‘പൂക്കി ഭരണത്തില്‍ ഒരു പിതാവിന്റെ ഗതികേട്’ എന്ന പേരിലായിരുന്നു അഹമ്മദ് കബീറിന്റെ വീഡിയോ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





