ചെന്നൈ: ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്ന വാദവുമായി മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍ വി കാമകോടി. (Fever subsided within 15 minutes after drinking cow urine, says IIT Madras director) തന്റെ അച്ഛന് അസുഖം ബാധിച്ചപ്പോള്‍ ഗോമൂത്രം കുടിച്ചുവെന്നും 15 മിനിട്ടിനുള്ളില്‍ പനി പമ്പ കടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉന്നത സ്ഥാനത്തിരിക്കുന്ന കാമകോടിയുടെ വിചിത്രമായ അവകാശവാദത്തിനെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
|
ഒരു സന്യാസിയുടെ പക്കല്‍ നിന്നാണ് ഗോമൂത്രം ലഭിച്ചതെന്നും അദ്ദേഹത്തിന്റെ പേര് ഓര്‍മയില്ലെന്നും വി. കാമകോടി പറഞ്ഞു. ചെന്നൈയില്‍ നടന്ന ഗോപൂജ ചടങ്ങിലാണ് ഐ.ഐ.ടി ഡയറക്ടറുടെ വിചിത്ര പരാമര്‍ശം.
ശരീരത്തെ ബാധിക്കുന്ന ചില ബാക്ടീരിയകളെയും ഫംഗസുകളെയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ട്. ഗോമൂത്രം കുടിക്കുന്നത് ദഹനക്കേടിന് നല്ലതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കേണ്ട ഐ.ഐ.ടിയുടെ ഡയറക്ടര്‍ അന്ധവിശ്വാസങ്ങള്‍ പ്രോല്സാഹിപ്പിക്കുന്നതിനെതിരേ ഐ.ഐ.ടി സ്റ്റുഡന്റ് യൂണിയന് രംഗത്തെത്തി.
അവകാശവാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ വി. കാമകോടി പ്രസിദ്ധീകരിക്കണമെന്നും വാദങ്ങള്‍ ശാസ്ത്രീയമായി തെറ്റായതിനാല്‍ മാപ്പ് പറയണമെന്നും സ്റ്റുഡന്റ് യൂണിയന് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ എ.ഐ വിദഗ്ധരില്‍ ഒരാളാണ് വി. കാമകോടി. ഇന്ത്യയിലെ ആദ്യത്തെ മൈക്രോ പ്രോസസറായ ശക്തി വികസിപ്പിച്ചെടുക്കുന്നതില്‍ നേതൃത്വം നല്കിയവരില് ഒരാളായിരുന്നു ഇദ്ദേഹം. ഐ.ഐ.ടിയില്‍ തന്നെയായിരുന്നു വി. കാമകോടിയുടെ പഠനം.
നേരത്തെ ഗോമൂത്രം കുടിക്കുന്നതിലൂടെ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് സംഘപരിവാര നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. ശരീരത്തില്‍ ചാണകം പൂശുന്നതിന്റെ ഗുണഗണങ്ങളെ കുറിച്ച് വാദിക്കുന്ന എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഇന്ത്യയിലുണ്ട്.
കഴിഞ്ഞ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗര്‍ഭ പന്തലിലേക്ക് ഗോമൂത്രം കുടിക്കുന്നവരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളുവെന്ന ബി.ജെ.പി നേതാവ് ചിന്ടു വര്‍മയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിലൂടെ ഗോമൂത്രം കുടിക്കാത്തവര്‍ അഹിന്ദുക്കളാണെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞിരുന്നു.
അതേസമയം ഗോമൂത്രത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബറേലി ആസ്ഥാനമായുള്ള ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലായിരുന്നു കണ്ടെത്തല്‍.
ALSO WATCH
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





