|
മലപ്പുറം: എറണാകുളത്ത് നടക്കുന്ന ഗണേശോത്സവത്തിന്റെ ഉദ്ഘാടകനായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ ചിത്രവും പേരും ഉൾപ്പെടുത്തി ഫ്ലക്സ് സ്ഥാപിച്ച് ശിവസേനയുമായി ബന്ധമുള്ള ട്രസ്റ്റ്.
ഗണേശോത്സവ ട്രസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 30 മുതൽ സെപ്തംബർ മൂന്നു വരെ കൊച്ചിയിൽ നടത്തുന്ന ഗണേശോത്സവത്തിന്റെ സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് സാദിഖലി ശിഹാബ് തങ്ങളുടെ ചിത്രവും പേരും ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്ലക്സ് ശിവസേന എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിലും സ്ഥാപിച്ചിട്ടുണ്ട്.
ഇതിന്റെ ചിത്രം പ്രചരിക്കുകയും സംഭവം വലിയ ചർച്ചയാവുകയും വിമർശനമുയരുകയും ചെയ്തതോടെ പ്രചരണങ്ങൾ തള്ളി മുസ്‌ലിം ലീഗ് രംഗത്തെത്തി. ആഗസ്റ്റ് 30 മുതൽ സെപ്തംബർ മൂന്നു വരെ രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന പരിപാടിയിലേക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ആരെങ്കിലും ക്ഷണിക്കുകയോ അദ്ദേഹം സംബന്ധിക്കാമെന്ന് സമ്മതിക്കുകയോ ചെയ്തിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.
ഇത്തരത്തിലുള്ള പരിപാടിയെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമില്ല. തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിൽ ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അതേസമയം. ഫ്ലക്സിൽ സാദിഖലി തങ്ങൾക്കൊപ്പം ഹൈബി ഈഡൻ എംപിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചിട്ടില്ല.
പിഎംഎ സലാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എറണാകുളം ഗണേശോൽസവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 30 മുതൽ സെപ്തംബർ 3 വരെ രാജേന്ദ്ര മൈതാനത്ത് നടക്കുന്നു എന്നു പ്രചരിപ്പിക്കപ്പെടുന്ന പരിപാടിയിൽ ബഹു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ആരെങ്കിലും ക്ഷണിക്കുകയോ അദ്ദേഹം സംബന്ധിക്കാമെന്ന് സമ്മതിക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള ഒരു പരിപാടിയെ കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമില്ല. ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന രൂപത്തിൽ ഇത്തരം വ്യാജ പ്രചാരവേലകള്‍ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായവര്‍ ഈ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്.



