29
Sep 2024
Sat
29 Sep 2024 Sat
Massage stroke

ബംഗളൂരു: മുടിവെട്ടിക്കഴിഞ്ഞാല്‍ മിക്ക ബാര്‍ബര്‍ ഷോപ്പുകളിലും ഫ്രീയായി തല മസാജ് ചെയ്തു തരുന്ന ഒരു പതിവുണ്ട്. (Free massage by barber; The young man suffered a stroke and was hospitalized) സൗജന്യമല്ലേ എന്ന് കരുതി മിക്കവരും അതിന് ഇരുന്ന് കൊടുക്കും. അത്തരം മസാജുകളിലെ ഒരു പ്രധാന ഇനമാണ് തല പിടിച്ച് ഇരുവശങ്ങളിലേക്കും വെട്ടിക്കല്‍. മസാജിങിനെക്കുറിച്ചോ കഴുത്തിലെ നാഡി ഞരമ്പുകളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്തവരായിരിക്കും ഇത് ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അങ്ങിനെയൊരു മസാജിന് തലവച്ചു കൊടുത്തു പണികിട്ടിയിരിക്കുകയാണ് കര്‍ണാടക സ്വദേശിയായ യുവാവിന്. മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ ബാര്‍ബര്‍ നല്‍കിയ ഫ്രീ തല മസ്സാജിനെ തുടര്‍ന്ന് സ്‌ട്രോക്ക് വന്നതായാണ് ഈ മുപ്പതുകാരന്‍ പറയുന്നത്. കര്‍ണാടകയിലെ ബല്ലാരിയിലാണ് സംഭവം. രണ്ട് മാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നുവെന്നും യുവാവ് പറയുന്നു.

മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ ബാര്‍ബര്‍ ഇയാളുടെ തല മസ്സാജ് ചെയ്തിരുന്നു. മസ്സാജിനൊടുവില്‍ ബാര്‍ബര്‍ ഇയാളുടെ കഴുത്ത് രണ്ട് ഭാഗത്തേക്കും വെട്ടിക്കുകയും ചെയ്തു. ഇതോടെയാണ് വേദന ആരംഭിച്ചത്.

ALSO READ: ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിന് ആഗോള സഖ്യമുണ്ടാക്കാനൊരുങ്ങി സൗദി

വേദന പതുക്കെ മാറുമെന്ന് കരുതി ആദ്യം കാര്യമാക്കിയില്ല. എന്നാല്‍, വീട്ടിലെത്തിയതിന് പിന്നാലെ വേദന ശക്തമായി. സംസാരിക്കാന്‍ സാധിക്കാതാവുകയും ഇടതുവശം തളരുകയും ചെയ്തു.

ഉടന്‍ ആശുപത്രിയിലെത്തി. മസ്സാജിങ്ങിന്റെ ഭാഗമായി കഴുത്ത് ശക്തിയില്‍ വെട്ടിച്ചപ്പോള്‍ തലച്ചോറിലേക്കും തലയുടെ മറ്റ് ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന കരോട്ടിഡ് ധമനിയില്‍ പൊട്ടലുണ്ടാവുകയും രക്തയോട്ടം കുറയുകയും ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നുള്ള സ്‌ട്രോക്കാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

സാധാരണ സ്‌ട്രോക്കില്‍ നിന്ന് വ്യത്യസ്തമാണ് ഇത്തരം സ്‌ട്രോക്കിന്റെ കാരണമെന്ന് ആസ്റ്റര്‍ ആര്‍.വി ആശുപത്രിയിലെ ഡോ. ശ്രീകാന്ത സ്വാമി പറഞ്ഞു. കഴുത്ത് വെട്ടിച്ചത് മൂലമാണ് ഇവിടെ രക്തക്കുഴലുകള്‍ക്ക് പരിക്കേറ്റ് രക്തയോട്ടം കുറഞ്ഞതെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

രണ്ട് മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് 30കാരന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനായത്.

വിദഗ്ധരും പരിശീലനം ലഭിച്ചയാളുകളും മാത്രമേ ഇത്തരത്തില്‍ കഴുത്ത് വെട്ടിക്കല്‍ ഉള്‍പ്പെടെയുള്ള മസ്സാജിങ് രീതികള്‍ നടത്താവൂവെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

ബാര്‍ബര്‍മാര്‍ ചെയ്യുന്നത് മാത്രമല്ല, ഒരാള്‍ സ്വയം ചെയ്യുന്ന കഴുത്ത് വെട്ടിക്കലുകള്‍ പോലും ചിലപ്പോള്‍ അപകട കാരണമാകും. കുളത്തിലേക്ക് തലകുത്തി മറിഞ്ഞ് ചാടുമ്പോഴും മറ്റും ഇത്തരത്തില്‍ സ്‌ട്രോക്ക് സംഭവിക്കാറുണ്ട്. രക്തക്കുഴലുകള്‍ പൊട്ടിയാല്‍ തലച്ചോറില്‍ രക്തമെത്താതെ സ്‌ട്രോക്കിനുള്ള സാധ്യതയുണ്ട് -ഡോക്ടര്‍ ചൂണ്ടിക്കാട്ടി.