റിയാദ്: ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ഗസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനും ആഗോള സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. (Saudi is ready to form a global alliance for the formation of a Palestinian state) അറബ് രാജ്യങ്ങളുടെയും യൂറോപ്യന്‍ സഖ്യകക്ഷികളുടെയും സഹകരണത്തോടെയായിരിക്കും സഖ്യം രൂപീകരിക്കുകയെന്നും സൗദി അറിയിച്ചു.
|
ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരം കാണുക എന്നതിനായിരിക്കും മുന്‍ഗണനയെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗസയ്ക്ക് നേരെയുള്ള ഇസ്രായേല്‍ അതിക്രമങ്ങള്‍ ലോകം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ദുരന്തമാണ്. ഫലസ്തീനികളെ കുടിയൊഴിപ്പിച്ചും പട്ടിണിയിലേക്ക് തള്ളിവിട്ടുമാണ് ഇസ്രയേല്‍ യുദ്ധം ചെയ്യുന്നത്.
ALSO READ: ഹസൻ നസ്റുല്ല കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല
ഇസ്രയേ സൈനികര്‍ നടത്തിയ ലൈംഗികാതിക്രമങ്ങള്‍ യു.എന്‍ ഏജന്‍സികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധം ലബ്‌നാനിലേക്കു കൂടി വ്യാപിപ്പിച്ച് പശ്ചിമേഷ്യയാകെ ഇസ്രായേല്‍ യുദ്ധക്കളമാക്കിയിരിക്കുകയാണ്. ഇതില്‍ നിന്ന് ഇസ്രയേലിനെ പിന്തിരിക്കണം,’ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ സമ്മേളനത്തില്‍ പറഞ്ഞു.
സ്വയം പ്രതിരോധത്തിനുള്ള അവകാശം പതിനായിരക്കണക്കിന് സാധാരണക്കാരെ കൊന്നൊടുക്കാനുള്ള ലൈസന്‍സ് അല്ലെന്നും ഫര്‍ഹാന്‍ ചൂണ്ടിക്കാട്ടി. നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഉടന്‍ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോള സഖ്യത്തിന്റെ ആദ്യ യോഗം റിയാദില്‍ നടക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസെപ് ബോറല്‍ അറിയിച്ചു. തുടര്‍ന്നുള്ള നടപടികള്‍ റിയാദിലും ബെല്‍ജിയത്തിലും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ഗസയിലേക്കുള്ള മാനുഷിക സഹായം തടയുന്ന ഇസ്രായേല്‍ സര്‍ക്കാരിന്റെ നടപടികള്‍ യുദ്ധക്കുറ്റമാണെന്ന് സൗദി അറേബ്യ ചൂണ്ടിക്കാട്ടിയിരുന്നു. ഗസയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ സാധ്യമാകാത്തത് അന്താരാഷ്ട്ര സുരക്ഷാ സംവിധാനത്തിന്റെ പരാജയമാണെന്നും സൗദി പറഞ്ഞിരുന്നു.
സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ തന്നെയാണ് ഇസ്രായേലിനെതിരെ അന്നും രംഗത്തെത്തിയത്.


