30
Feb 2023
Sat
30 Feb 2023 Sat

ദുബയ്: എംഎൽഎയും നടനുമായ കെ ബി ഗണേഷ് കുമാറിന് യുഎഇ ഗോൾഡൻ വീസ. തൻ്റെ ഗോൾഡൻ വീസ മറുനാടൻ മലയാളികൾക്ക് സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. കലാകാരനെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും യുഎഇ സർക്കാർ തനിക്ക് സ്നേഹത്തോടെ നൽകിയ അംഗീകാരമായി ഞാനിതിനെ കാണുന്നു. പ്രവാസി മലയാളികൾ എല്ലാവരും ഇതിലൂടെ അംഗീകരിക്കപ്പെട്ടതായി കരുതുന്നു. നേരത്തെ യുഎഇ റസിഡൻ്റ് വീസ ഉള്ള എനിക്ക് 10 വർഷത്തെ വീസ തന്നതിൽ ഇവിടുത്തെ ഭരണാധികാരികളോട് നന്ദി പറയുന്നു. ബിസിനസുകാർക്കും വിവിധ മേഖലകളിൽ പ്രതിഭ പ്രകടിപ്പിക്കുന്ന കലാകാരന്മാർക്കുമെല്ലാം ഗോൾഡൻ വീസ നൽകുന്നത് ഇവിടുത്തെ സർക്കാരിൻ്റെ ബുദ്ധിയായിട്ടാണ് കാണുന്നത്. കൂടുതൽ ബിസിനസുകാരെ രാജ്യത്തേക്ക് ആകർഷിച്ച് നിക്ഷേപം നടത്തിക്കാനും അതുവഴി രാജ്യത്തിന് കൂടുതൽ വളർച്ച കൈവരിക്കാനുമുള്ള വളരെ പ്രായോഗികവും ആധുനികവുമായ നീക്കമാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ മലയാളത്തിലെ ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ ഗോൾഡൻ വീസയുടെ കടലാസുപണികൾ നടത്തിയ ഇസിഎച് ഡിജിറ്റൽ മുഖേനയായിരുന്നു ഗണേഷ് കുമാറിന് വീസ ലഭിച്ചത്. ഇസിഎച് ഡിജിറ്റലിൻ്റെ ഒാഫീസിൽ നടന്ന ചടങ്ങിൽ ഭാര്യ ബിന്ദുവിനോടൊപ്പം എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് വീസ പതിച്ച എമിറേറ്റ്സ് െഎഡി അദ്ദേഹം ഏറ്റുവാങ്ങി.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വീസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വീസകള്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പിന്നീട് ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വീസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.