01
May 2023
Mon
01 May 2023 Mon

ദുബയ്: ലോകത്തെല്ലായിടത്തുമുള്ള മലയാളി ഡോക്ടര്‍മാരെ കോര്‍ത്തിണക്കി ആഗോള സംഘടന നിലവില്‍ വന്നു. അജ്മാനില്‍ നടന്ന എകെഎംജി എമിറേറ്റ്‌സിന്റെ ഇരുപതാം വാര്‍ഷിക സമ്മേളനത്തില്‍ സംഘടന പ്രഖ്യാപിക്കുകയും ഡോ.ശശി തരൂര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എകെഎംജി നാല്‍പതിലേറെ വര്‍ഷങ്ങളായി യുഎസിലും കാനഡയിലും ഇരുപത് വര്‍ഷമായി യുഎഇയിലും പ്രവര്‍ത്തിച്ചുവരുന്നു. പുതിയ സംവിധാനത്തോടെ ലോകമെമ്പാടും പ്രാക്ടീസ് ചെയ്യുന്ന മലയാളി ഡോക്ടര്‍മാര്‍ക്ക് ഒരു കുടക്കീഴില്‍ അണിനിരക്കാന്‍ അവസരമൊരുക്കും. ഇത് വൈദ്യശാസ്ത്ര വിജ്ഞാനത്തിന്റെ ആഗോള തലത്തിലുള്ള പുത്തന്‍ ആശയങ്ങള്‍ ഇന്ത്യയിലേക്ക് വേഗത്തില്‍ എത്തിക്കുവാന്‍ സഹായകരമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സെമിനാറുകള്‍, തുടര്‍വിദ്യാഭ്യാസ പരിപാടികള്‍, വൈദ്യശാസ്ത്രം, ദന്തചികിത്സ എന്നീ മേഖലകളിലെ ശാസ്ത്ര വികസനത്തിന്റെ നൂതന മേഖലകളെക്കുറിച്ച് അംഗങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ശാസ്ത്രമാസികകള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയവ സംഘടനയുടെ ലക്ഷ്യമാണ്. ജോലിചെയ്യുന്ന രാജ്യങ്ങളിലെ തദ്ദേശീയര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും ആരോഗ്യ പരിപാലനം, രോഗപ്രതിരോധം എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കും.

ആഗോള തലത്തില്‍ ഡോക്ടര്‍ അംഗങ്ങളുടെ അംഗത്വ ഡയറക്ടറി തയ്യാറാക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. 1950-മുതല്‍ കേരളത്തില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡോക്ടര്‍മാരുടെ ഗണ്യമായ കുടിയേറ്റം നടന്നിട്ടുണ്ട്. യുഎസ്, കാനഡ, ഓസ്ട്രേലിയ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്ന ആയിരക്കണക്കിന് മലയാളി ഡോക്ടര്‍മാര്‍ക്ക് ശക്തമായ ഒരു നെറ്റ്വര്‍ക്കിംഗ് കമ്മ്യൂണിറ്റി സൃഷ്ടിക്കുന്നതിനുള്ള സവിശേഷമായ അവസരം എകെഎംജി ഗ്ലോബല്‍ നല്‍കുന്നു.

2019 ലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 35,000 ഇന്ത്യന്‍ ഡോക്ടര്‍മാര്‍ മദ്ധ്യപൂര്‍വേഷ്യയില്‍ ജോലി ചെയ്യുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് ഇവരില്‍ നല്ലൊരു പങ്കും. നോര്‍ക്കയുടെ കണക്ക് പ്രകാരം 10,000 ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകള്‍ യുഎഇയില്‍ ജോലി ചെയ്യുന്നു. ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം നേടിയ 65,000-ത്തിലധികം ഡോക്ടര്‍മാര്‍ അമേരിക്കയിലുണ്ട്. പ്രതിവര്‍ഷം ഏകദേശം 5,000 ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അമേരിക്കയിലേക്ക് കുടിയേറുന്നു, അവരില്‍ 15-20% കേരളത്തില്‍ നിന്നുള്ളവരാണെന്ന് കണക്കാക്കുന്നു. വാര്‍ഷിക സമ്മേളനത്തില്‍ ഭാരവാഹികളായ ഡോ. ജോര്‍ജ് ജോസഫ്, ഡോ.സഫറുല്ല ഖാന്‍, ഡോ.നിര്‍മ്മല രഘുനാഥന്‍, ഡോ.സണ്ണി കുര്യന്‍, ഡോ. സിറാജുദ്ദീന്‍, ഡോ. ഹനീഷ് ബാബു, ഡോ.സുഖുമലയില്‍ കോശി, ഡോ. ജമാലുദ്ദീന്‍, ഡോ.ഗീത നായര്‍, ഡോ.നിഖില്‍ ഹാറൂണ്‍, ഡോ. നേരന്ദ്രന്‍ പങ്കെടുത്തു.