കോട്ടയം: ഓടുന്ന ട്രെയിനിന്റെ വിന്‍ഡോയിലൂടെ കൈയിട്ട് മാല പൊട്ടിച്ച അതിഥിത്തൊഴിലാളി കോട്ടയത്ത് പിടിയില്‍. അസം സ്വദേശിയായ അബ്ദുള്‍ ഹുസൈന്‍ ആണ് പിടിയിലായത്. കാട്ടയം റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കയ്യെത്തിച്ച് മാല പൊട്ടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
|
തൃശൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് കൊല്ലം സ്‌പെഷ്യല്‍ ട്രയിനില്‍ യാത്ര ചെയ്ത യുവതിയുടെ നാല് പവന്റെ മാലയാണ് പ്രതി പൊട്ടിച്ചെടുത്തത്. ട്രെയിനിന് സമീപം നിന്ന യുവാവ് ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ ജനാലയിലൂടെ കൈയിട്ട് മാല പൊട്ടിക്കുകയായിരുന്നു.
മോഷണത്തിന് ശേഷം അമൃത എക്‌സ്പ്രസില്‍ കയറിയ പ്രതി ഉറങ്ങികിടന്ന മറ്റൊരു യുവതിയുടെ ഫോണ്‍ അടങ്ങിയ ബാഗും കവര്‍ന്നു. പ്രതി കവർന്ന മൊബൈൽ ഫോൺ ജീവനക്കാർക്ക് ബാങ്ക് നൽകുന്നതായതിനാൽ ഇത് സ്വിച്ച് ഓഫ് ആക്കാൻ കഴിയുമായിരുന്നില്ല. ഈ ഫോൺ ട്രാക്ക് ചെയ്താണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പ്രതിയെ പിടികൂടുന്നതിന് സഹായമായി. ഒരു വര്‍ഷമായി കാഞ്ഞിരപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയായിരുന്നു ഇയാള്‍.





