ജിദ്ദ: കായിക രംഗത്ത് ജിദ്ദയില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിച്ച് ഗൂഗ്ളീസ് ക്ലബ്. നവംബറില്‍ ജിദ്ദയിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളെ പങ്കെടുപ്പിച്ചു നാനോ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് ഗൂഗ്ളീസ് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായി ജിദ്ദ സീസണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ ലോഗോ പ്രകാശനം സൗദി അറേബ്യയുടെ ക്രിക്കറ്റ് ടീം കോച്ച് ഷുഐബ്ഖാന്‍ നിര്‍വഹിച്ചു. ജേഴ്സിയുടെ പ്രകാശനം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ക്രിക്കറ്റ് ടീം കോച്ച് ആദില്‍ഖാന്‍ നിര്‍വഹിച്ചു. പാട്ട്യാലയിലെ നാഷവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് കോച്ച് ഇംറാന്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
|
ഭാവിയില്‍ 17 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്കുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ്, 17 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള അത്ലറ്റിക് മീറ്റ്, 17 വയസ്സിനു താഴെയുള്ളവര്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള (ആണ്‍, പെണ്‍) ചെസ് ടൂര്‍ണമെന്റ്, 17 വയസ്സിനു താഴെയുള്ളവര്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള (ആണ്‍, പെണ്‍) ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്, അതോടൊപ്പം ക്രിക്കറ്റ് കോച്ചിങ്, നീന്തല്‍ കോച്ചിങ് തുടങ്ങിയ വിവിധ പദ്ധതികളും ക്ലബിന്റെ അജണ്ടയിലുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചെയര്‍മാന്‍ റഷീദ് അലി, പ്രസിഡന്റ് സൂബൈര്‍ പെര്‍ളശ്ശേരി, കണ്‍വീനര്‍ ഷംസു മിസ്ഫല, സെക്രട്ടറി ഷാജി അബൂബക്കര്‍, ട്രഷറര്‍ മുഹമ്മദ് ഷമീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രവാസികളായ യുവാക്കളുടെയും കുട്ടികളുടെയും സ്ത്രീകളുടെയും കായികപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ക്രിക്കറ്റ് കളിയിലും മറ്റ് കായിക ഇനങ്ങളിലും തല്‍പരരായ ഒരു കൂട്ടം യുവാക്കള്‍ 2022ല്‍ ഒത്തു ചേര്‍ന്നുണ്ടാക്കിയ ആശയമാണ് ‘ഗൂഗ്ളീസ്’ ക്ലബ്. 2023 ജൂണിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്ത് കൊണ്ട് ഗൂഗ്ളീസ് എന്ന പേരില്‍ ഒരു ക്ലബായി പ്രവൃത്തിച്ചു തുടങ്ങിയത്.
റഷീദ് അലി (ചെയര്‍മാന്‍), സുബൈര്‍ പെര്‍ളശ്ശേരി (പ്രസിഡന്റ്), ഷംസു മിസ്ഫല(കണ്‍വീനര്‍), ഷാജി അബൂബക്കര്‍ (സെക്രട്ടറി), റിയാസ് പി.കെ(ഓര്‍ഗനൈസിംഗ് സെകട്ട്രറി), സമീര്‍ വരിക്കോടന്‍(വൈസ് പ്രസിഡന്റ്), മുഹമ്മദ് ഷമീര്‍(ട്രഷറര്‍), ആദില്‍ ഇല്ലിക്കല്‍(ജോയിന്റ് സെക്രട്ടറി) എന്നിവര്‍ക്കു പുറമെ 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഗൂഗ്‌ളീസ് ക്ലബ്ബിനെ നയിക്കുന്നത്.


