ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ പഹല്‍ഗാം ഭീകരാക്രണത്തില്‍ സുരക്ഷാവീഴ്ച സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. സര്‍വകക്ഷിയോഗത്തിലാണ് കേന്ദ്രം സുരക്ഷാവീഴ്ച അംഗീകരിച്ചതെന്ന് ഇന്ത്യ ടുഡേ ടിവി റിപോര്‍ട്ട് ചെയ്തു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രണത്തില്‍ 26 പേര് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രം സര്‍വകക്ഷിയോഗം വിളിച്ച് പ്രതിപക്ഷ നേതാക്കളോടടക്കം സ്ഥിതിഗതികള്‍ വിവരിച്ചത്.
|
ആക്രമണം നടക്കുമ്പോള്‍ സുരക്ഷാസേനകള്‍ എവിടെയായിരുന്നുവെന്നും സിആര്‍പിഎഫ് എവിടെയായിരുന്നുവെന്നും നിരവധി പ്രതിപക്ഷ നേതാക്കള്‍ ചോദിച്ചു. ആക്രമണം നടന്നത് മുക്കാല്‍ മണിക്കൂറോളം കുന്നുകയറി എത്തേണ്ട സ്ഥലമാണെന്നും അതിനാലാണ് സുരക്ഷാസേന മേഖലയിലെത്താന്‍ വൈകിയതെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരവാദത്തിനെതിരേ രാജ്യം ഒന്നിച്ചുനിന്ന് പോരാടണമെന്ന് സര്‍വകകക്ഷിയോഗത്തില്‍ സംബന്ധിച്ച എല്ലാ പാര്‍ട്ടികളും സമ്മതിച്ചുവെന്ന് യോഗശേഷം മാധ്യമങ്ങളെ കണ്ട കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിന് കേന്ദ്രത്തില്‍ പ്രതിപക്ഷം പൂര്‍ണ പിന്തുണ അറിയിച്ചതായി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും ആക്രമണത്തില്‍ പരിക്കേറ്റ് അനന്ദ് നാഗിലെ ആശുപത്രിയില്‍ കഴിയുന്നവരെ രാഹുല്‍ ഗാന്ധി നാളെ സന്ദര്‍ശിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ച മന്ത്രിമാര്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





