ഹിന്ദി പഠനത്തിന് ഉദ്യോഗാര്‍ഥികളെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ഇക്യൂബ് ലാംഗ്വേജ് ലാബ്. പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്ന ഇക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് പദ്ധതി ഹിന്ദി ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.. പൊതുവിദ്യാലയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഹൈടെക് സംവിധാനങ്ങള്‍ ഭാഷാപഠനത്തിന് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് ലാബിലുടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. കൈറ്റ് രൂപകല്‍പ്പന ചെയ്ത ഇ ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
|
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെത്തുന്ന ഓരോ വിദ്യാര്‍ഥിയും മാതൃഭാഷ കൂടാതെ രണ്ട് ഭാഷകള്‍ കൂടി പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട്. ഇതരഭാഷകള്‍ ഒരേപോലെ ഉപയോഗിക്കാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയുക എന്നത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷയില്‍ കുട്ടികളുടെ പ്രാവീണ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈറ്റ് 2022 ല്‍ ഇക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് നടപ്പിലാക്കിയത്. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ബെംഗളൂരു റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് നടത്തിയ പഠനത്തില്‍ ഇക്യൂബ് ഇംഗ്ലീഷ് പദ്ധതി ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനു തുടര്‍ച്ചയായാണ് ഇക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പ്ലാറ്റ്‌ഫോമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കുട്ടികളുടെ ഹിന്ദി ഭാഷാ പ്രാവീണ്യം ഉയര്‍ത്തുന്നതിനായി ഇക്യൂബ് ഹിന്ദി ഭാഷാ പ്രയോഗ്ശാല സോഫ്‌റ്റ്വെയര്‍ കൈറ്റ് വികസിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി പൂര്‍ണമായും സ്വതന്ത്ര സോഫ്‌റ്റ്വെയറിലാണ് തയ്യാറാക്കിയിട്ടുള്ളത്. സ്‌കൂളുകളില്‍ നിലവിലുള്ള കമ്പ്യൂട്ടറുകള്‍ പ്രയോജനപ്പെടുത്തി ഹിന്ദി ലാംഗ്വേജ് ലാബ് സോഫ്‌റ്റ്വെയര്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ഇതില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കുമുള്ള ലോഗിനുകള്‍ ഉണ്ട്. കേള്‍ക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും കഴിയും. ഓഡിയോവീഡിയോ റെക്കോര്‍ഡ് ചെയ്യാനും ഭാഷാവ്യവഹാര രൂപങ്ങള്‍ നിര്‍മ്മിക്കാനുമുള്ള ഗെയിം അധിഷ്ഠിത ഇന്ററാക്ടീവ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും സാധിക്കും. അധ്യാപകര്‍ക്ക് ഓരോ കുട്ടിയും പൂര്‍ത്തിയാക്കിയ പ്രവര്‍ത്തനങ്ങള്‍ കാണാനും വിലയിരുത്താനും മെച്ചപ്പെടുത്താനുള്ള പിന്തുണ നല്‍കാനും പഠനപുരോഗതി നിരീക്ഷിക്കാനും കഴിയുന്ന തരത്തിലാണ് സോഫ്റ്റുവെയര്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ തലങ്ങളിലും സര്‍ക്കാര്‍ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രൈമറി മേഖലയിലെ ഐ.ടി പഠനവും ഐ.ടി സഹായകപഠനവും മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനപ്പെടുത്തിയുള്ള പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പ്രൈമറിതലത്തില്‍ കാര്യക്ഷമമായി ഐ.സി.ടി പഠനം ഉറപ്പുവരുത്താന്‍ പൊതുവിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
വെബ്‌സൈറ്റ്: https://ecube.kite.kerala.
Govt’s Ecube Language Lab for learning Hindi


