20
May 2025
Wed
20 May 2025 Wed
MI vs GT Highlights, IPL 2025: Gujarat Titans beat Mumbai Indians by 3-wickets in last-ball thriller

മുംബൈ: ഐപിഎല്ലില്‍ ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ വിജയക്കുതിപ്പ് നടത്തിവരികയായിരുന്ന മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയില്‍ മുന്നില്‍ തിരിച്ചെത്തി ഗുജറാത്ത് ടൈറ്റന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. തുടര്‍ച്ചയായ ആറ് ജയങ്ങള്‍ക്ക് ശേഷമാണ് മുംബൈ തോല്‍വിയേറ്റ് വാങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്‌ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് കണ്ടെത്തിയത്. പലഘട്ടങ്ങളിലും മഴ രസംകൊല്ലിയായെത്തിയ മത്സരത്തില്‍ ഗുജറാത്തിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 147 റണ്‍സാക്കി ചുരുക്കിയിരുന്നു. ഇതോടെ അവസാന പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ലക്ഷ്യത്തിലെത്തിയത്.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (46 പന്തില്‍ 43), ജോസ് ബട്‌ലര്‍(27 പന്തില്‍ 30), ഷെര്‍ഫാനെ റൂതര്‍ഫോര്‍ഡ്(15പന്തില്‍28) എന്നിവരുടെ ബാറ്റിങ്ങാണ് ഗുജറാത്തിന് തുണയായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രാഹുല്‍ തെവാട്ടിയ (8 പന്തില്‍ 11), ജെറാള്‍ഡ് കോയറ്റ്‌സീ എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിനെ ജയ്ത്തിലെത്തിച്ചത്.

സായ് സുദര്‍ശന്‍(5) തുടക്കത്തില്‍തന്നെ പുറത്തായി. മുംബൈക്കായി ജസ്പ്രിത് ബുംറ, ട്രെന്റ് ബോള്‍ട്ട്, അശ്വനി കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിരയില്‍ മൂന്ന് പേര്‍ ഒഴികെ എല്ലാവരും രണ്ടക്കം കാണാതെയാണ് പുറത്തായത്. 35 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ഫോറും ഉള്‍പ്പെടെ 53 റണ്‍സെടുത്ത വില്‍ ജാക്‌സാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഓപണര്‍മാരായ റിക്കല്‍ട്ടണും രോഹിത് ശര്‍മയും പെട്ടെന്ന് തന്നെ മടങ്ങി. രണ്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് റിക്കല്‍ട്ടണ്‍ നേടിയത്. കൂട്ടിനുണ്ടായിരുന്ന രോഹിത്തിനും കൂടുതല്‍ സ്‌കോര്‍ നേടാന്‍ കഴിഞ്ഞില്ല. എട്ട് പന്തില്‍ ഒരു ഫോറിന്റെ അകമ്പടിയോടെ ഏഴ് റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. സൂര്യകുമാര്‍ യാദവ് അല്‍പം മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെത്തി. 24 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 35 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. പിന്നീട് തിലക് വര്‍മയും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ക്രീസില്‍ ഒരുമിച്ചെങ്കിലും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. ഏഴു പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് തിലക് വര്‍മ നേടിയത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് പന്തില്‍ ഒരു റണ്‍ മാത്രമാണ് നേടിയത്. ഗുജറാത്ത് താരങ്ങള്‍ ഒരുപാട് തവണ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് കൃത്യമായി താരങ്ങളെ പിടികൂടി.

മുംബൈയുടെ ഏഴു വിക്കറ്റുകളും വീണത് ക്യാച്ചിലൂടെയായിരുന്നു. ഗുജറാത്തിനായി സായ് കിഷോര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, അര്‍ഷദ് ഖാന്‍, പ്രസിദ് കൃഷ്ണ, റാഷിദ് ഖാന്‍, കോയറ്റ്‌സീ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ജയത്തോടെ 16 പോയിന്റുമായി പട്ടികയില്‍ ഒന്നാമതെത്താനും ഗുജറാത്തിനായി. 11 മത്സരങ്ങളില്‍നിന്ന് മൂന്ന് ജയവും എട്ട് വിജയവുമാണ് ഗുജറാത്തിനുള്ളത്. 12 കളികളില്‍നിന്ന് അഞ്ച് ജയവും ഏഴു തോല്‍വിയും സഹിതം 14 പോയിന്റോടെ നാലാമതാണ് മുംബൈ.

MI vs GT Highlights, IPL 2025: Gujarat Titans beat Mumbai Indians by 3-wickets in last-ball thriller