ഗസ: വെടിനിര്‍ത്തല്‍ നിലനില്‍ക്കെ ഗസ്സയില്‍ ഇസ്റാഈല്‍ അധിനിവേശ സൈന്യം നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ റാഇദ് സഅ്ദ് കൊലപ്പെട്ടതായി റിപ്പോര്‍ട്ട്. ടെലഗ്രാം പോസ്റ്റിലൂടെ ഇസ്രായേല്‍ സൈന്യമാണ് റാഇദ് സഅ്ദിന്റെ മരണം അറിയിച്ചത്.
|
ഗസയിലെ ഹമാസിന്റെ ആയുധ നിര്‍മാണ വിഭാഗം മേധാവിയും 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണങ്ങളുടെ പ്രധാന ആസൂത്രകരില്‍ ഒരാളുമായിരുന്നു റാഇദ് സഅ്ദ്. ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസാം ബ്രിഗേഡിലെ രണ്ടാമന്‍ എന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. നേരത്തെ ഹമാസിന്റെ ഗസ സിറ്റി ബറ്റാലിയന്റെ തലവനായിരുന്നു.
എന്നാല്‍, റാഇദ് സഅ്ദിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. ഗസ്സ സിറ്റിക്ക് പുറത്ത് സിവിലിയന്‍ വാഹനത്തിന് നേരെ ആക്രമണമുണ്ടായി എന്നും ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഹമാസ് പ്രസ്താവനയില്‍ ആരോപിച്ചു. നബ്ലുസ് ജംഗ്ഷന് സമീപം ഇസ്റാഈലി ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 25ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ തന്നെ ഗസയില്‍ സയണിസ്റ്റ് സൈന്യം ആക്രമണം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇസ്റാഈല്‍ ഗസയില്‍ ദിവസേന ആക്രമണങ്ങള്‍ തുടരുകയാണ്. വെടിനിര്‍ത്തലിന് ശേഷം ഏകദേശം 800 ആക്രമണങ്ങളിലായി കുറഞ്ഞത് 386 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
ഇതോടൊപ്പം ഗസയിലേക്കുള്ള മിക്ക സഹായ ട്രക്കുകളും ഇസ്റാഈല്‍ തടയുന്നത് തുടരുന്നുമുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ പ്രധാന വ്യവസ്ഥകളിലൊന്ന്, സഹായ ട്രക്കുകള്‍ തടയരുതെന്നാണ്.
ശൈത്യകൊടുങ്കാറ്റില്‍ വിറച്ച് ഗസ; 14 മരണം
ഗസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ശൈത്യ കൊടുങ്കാറ്റിനെ തുടര്‍ന്ന് 14 പേര്‍ മരിച്ചു. ബൈറണ്‍ ശൈത്യ കൊടുങ്കാറ്റില്‍ പ്രളയവും ദുരിതവും തുടരുകയാണ്. വെള്ളിയാഴ്ചയോടെ കനത്ത മഴയ്ക്കും ശൈത്യക്കാറ്റിനും ശമനമായിട്ടുണ്ട്. ശൈത്യക്കാറ്റില്‍ താല്‍ക്കാലിക ടെന്റുകള്‍ തകര്‍ന്നും മറ്റും 14 പേരാണ് മരിച്ചതെന്ന് ഗസ്സ ആഭ്യന്തര, ദേശീയ സുരക്ഷാ മന്ത്രാലയങ്ങള്‍ പറഞ്ഞു.





