ബന്ദികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹമാസ്; ആക്രമണം നിര്‍ത്തിയാല്‍ ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് ഇറാന്‍
|
വെസ്റ്റ്ബാങ്ക്: യുദ്ധത്തിനിടെ പിടികൂടിയ ബന്ദികളുടെ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവിട്ട് ഹമാസ്. ടെലിഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയില്‍ കൈയ്ക്ക് പരിക്കേറ്റ ബന്ദിയായ പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്നത് കാണാം. ജറുസലേം പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബന്ദിയായ ഷോഹാമില്‍ നിന്നുള്ള 21കാരിയായ മിയ ഷെം വീഡിയോയില്‍ സംസാരിക്കുന്നതും കാണാം. തനിക്ക് കൃത്യമായ പരിപാലനം ലഭിക്കുന്നുണ്ടെന്നാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് ഗാസയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും എത്രയും വേഗം വീട്ടിലെത്താന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
‘ഹായ്, ഞാന്‍ മിയ ഷെം, ഷോഹാമില്‍ നിന്നുള്ള 21 വയസുകാരി. നിലവില്‍ ഞാന്‍ ഗാസയിലാണ്. ഡെറോട്ടില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ തിരിച്ചെത്തി. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു. എന്റെ കയ്യില്‍ സാരമായി പരിക്കേറ്റു. ധഗാസയിലെ ആശുപത്രിയില്‍ എന്റെ കൈയ്ക്ക് 3 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ നടത്തി. അവര്‍ എന്നെ പരിപാലിക്കുന്നു, എനിക്ക് മരുന്ന് നല്‍കുന്നു, ഇവിടെ കുഴപ്പങ്ങളൊന്നുമില്ല. എന്നെ എന്റെ മാതാപിതാക്കളുടെ അടുത്തേക്ക് കൊണ്ടു ചെല്ലണമെന്നും, എത്രയും വേഗം വീട്ടിലേക്ക് പോകണമെന്നും മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ദയവായി എന്നെ എത്രയും വേഗം ഇവിടെ നിന്ന് പുറത്തിറക്കണമെന്നുമാണ് പെണ്‍കുട്ടി പറയുന്നത്.
അതേസമയം ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ മാനുഷിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന റഷ്യന്‍ പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ പാസാക്കാനായില്ല. ഹമാസിനെ പേരു പറയാതെയുള്ള റഷ്യന്‍ പ്രമേയത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അപലപിക്കുകയും ബന്ദികളെ മോചിപ്പിക്കുക, മാനുഷിക സഹായം ലഭ്യമാക്കുക, സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുക, സിവിലിയന്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ തടയുക എന്നിവയാണ് പ്രധാനമായും പരാമര്‍ശിക്കുന്നത്.
ഗാസ മുനമ്പിലേക്കുള്ള ഇസ്രയേല്‍ വ്യോമാക്രമണം അവസാനിപ്പിച്ചാല്‍ ബന്ദികളാക്കിയ 200 പേരെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറാകുമെന്ന് ഇറാന്‍ അറിയിച്ചു. ഇറാന്‍ വിദേശമന്ത്രാലയ വക്താവ് നാസര്‍ കനാനിയാണ് തെഹ്‌റാനില്‍ ഇക്കാര്യം പറഞ്ഞത്. ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് തയ്യാറാണെന്നും ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ സമയം ആവശ്യമാണെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





