
ഗാസ: ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ ഉപാധികള്‍വെച്ച് ഹമാസ്. ഗാസ യുദ്ധവിരാമം ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി നടക്കുന്ന ചര്‍ച്ചകളില്‍ ആറ് ഉപാധികളാണ് ഹമാസ് മുന്നോട്ടുവെച്ചത്. ഇസ്രായേല്‍ സൈന്യം പൂര്‍ണമായും യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നതാണ് പ്രധാന ഉപാധി. ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ വേണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. തീരുമാനങ്ങളെ ഇസ്രായേല്‍ അട്ടിമറിക്കില്ലെന്ന മധ്യസ്ഥര്‍ ഉറപ്പ് വരുത്തണമെന്നും ഹമാസ് നിര്‍ദേശിച്ചു.
![]() |
|
നിയന്ത്രണങ്ങളില്ലാതെ സഹായം ലഭ്യമാക്കണം, ജനങ്ങളെ ഗസയിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കണം, ഗസയെ പുനര്‍നിര്‍മ്മിക്കണം, തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാര്‍ വേണം തുടങ്ങിയവയാണ് ഹമാസ് മുന്നോട്ടുവെച്ച മറ്റ് ഉപാധികള്‍. ഹമാസ് വക്താവ് ഫൗസി ബര്‍ഹൂമാണ് ആറിന ഉപാധികള്‍ മുന്നോട്ടുവെച്ചത്.
മുന്‍പ് സമാധാന ചര്‍ച്ചകളുടെ ഫലമായി വെടിനിര്‍ത്തലിന് അരികിലെത്തിയിരുന്നെന്നും എന്നാല്‍, നെതന്യാഹു അത് അട്ടിമറിച്ചിരുന്നുവെന്നും ഹമാസ് പറയുന്നു. ഇത്തവണയും അതിന് സാധ്യതയുണ്ട്. അതിനാല്‍ ഐക്യരാഷ്ട്രസഭയും അമേരിക്കയും മറ്റ് മധ്യസ്ഥ രാജ്യങ്ങളും ഇടപെട്ട് അട്ടിമറി നീക്കത്തില്‍ നിന്ന് നെതന്യാഹുവിനെ തടയണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ രണ്ട് വര്‍ഷം പിന്നിടുകയാണ്. ഇതിനിടെയാണ് യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെയ്റോയില്‍ നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ചര്‍ച്ച മൂന്നാം ദിവസമായ ഇന്നും തുടരും.
യുദ്ധം ആരംഭിച്ച് രണ്ടാം വാര്‍ഷികത്തില്‍ വൈറ്റ് ഹൗസില്‍ സംസാരിച്ച ട്രംപ്, ഈജിപ്ഷ്യന്‍ റിസോര്‍ട്ട് നഗരമായ ഷാം എല്‍-ഷെയ്ഖില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്നും തുടരാനിരിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി ഖത്തറിലെയും യുഎസിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈജിപ്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ALSO READ: മലബാര്‍ ഗോള്‍ഡിന്റെ പുതിയ ഷോറൂം മെല്‍ബണില്‍ തുറന്നു
ചൊവ്വാഴ്ച, ഹമാസ് ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ പോരാളി സംഘടനകളുടെ കൂട്ടായ്മ എല്ലാ മാര്‍ഗങ്ങളിലൂടെയുമുള്ള ചെറുത്തുനില്‍പ്പ് തുടരുമെന്ന് പ്രഖ്യാപിച്ചു. ഫലസ്തീന്‍ ജനതയുടെ ആയുധങ്ങള്‍ താഴെ വയ്പ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അവര്‍ ഊന്നിപ്പറഞ്ഞു. ട്രംപിന്റെ പദ്ധതിയില്‍ സായുധ ഗ്രൂപ്പിനെ നിരായുധീകരിക്കക്കണമെന്ന് ആവശ്യപ്പെടുന്ന പ്രധാന ഉപാധി നടപ്പില്ലെന്ന സൂചനയായിരുന്നു ഇത്.
ചൊവ്വാഴ്ചത്തെ ചര്‍ച്ചകള്‍ക്ക് ശേഷം അല്‍ ജസീറയോട് സംസാരിച്ച, പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹമാസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍, ഇസ്രായേല്‍ സൈന്യത്തെ ഗസയില്‍ നിന്ന് പിന്‍വലിക്കുന്നതുമായി ബന്ധിപ്പിച്ച് ഘട്ടംഘട്ടമായി ബന്ദികളെ വിട്ടയക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് സൂചന നല്‍കി.
ഇസ്രായേലി ബന്ദികളെ വിട്ടയക്കുന്നതിനുള്ള സമയക്രമത്തെക്കുറിച്ചും ഇസ്രായേലി സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള റൂട്ട് മാപ്പുകളെക്കുറിച്ചുമാണ് ചൊവ്വാഴ്ചത്തെ ചര്‍ച്ചകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവസാനത്തെ ഇസ്രായേലി ബന്ദിയെ വിട്ടയക്കുന്നത് ഇസ്രായേലി സൈന്യത്തിന്റെ അന്തിമ പിന്മാറ്റവുമായി ഒത്തുപോകണം എന്നും ഹമാസ് ഊന്നിപ്പറഞ്ഞു.
സെപ്റ്റംബര്‍ 29ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് 20 നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ബന്ദികളെ ഹമാസ് മോചിപ്പിക്കണം, ഗാസയില്‍ ഹമാസ് അധികാരം ഒഴിയുകയും ആയുധം ഉപേക്ഷിക്കുകയും വേണം, പകരം തടവിലുള്ള പലസ്തീനികളെ ഇസ്രയേല്‍ വിട്ടയക്കും എന്നിവയായിരുന്നു പദ്ധതിയിലെ പ്രധാന വ്യവസ്ഥകള്‍.
ഗസയിലെ സഹായവിതരണം യു എന്‍, റെഡ് ക്രസന്റ് ഉള്‍പ്പെടെ ഏജന്‍സികള്‍ വഴി നടത്തുമെന്നും ഇസ്രായേല്‍ സൈന്യം ഗസയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറുമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. പലസ്തീന്‍ പ്രദേശങ്ങള്‍ താല്‍ക്കാലികമായി ഭരിക്കുന്നതിന് നോണ്‍-പൊളിറ്റിക്കല്‍ സമിതി രൂപീകരിക്കും. ഗസ വിട്ടുപോകാന്‍ ആരെയും നിര്‍ബന്ധിക്കില്ല. എന്നാല്‍ പോകാന്‍ തീരുമാനിക്കുന്നവരെ അതിന് അനുവദിക്കുമെന്നും നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, കഴിഞ്ഞ രണ്ട് തവണയുണ്ടായ വെടിനിര്‍ത്തല്‍ ലംഘിച്ച ഇസ്രയേലിന്റെ രീതി ഉദ്ധരിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള ശരിയായ ഗ്യാരണ്ടിയാണ് തങ്ങള്‍ക്ക് വേണ്ടെതെന്ന് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ ചര്‍ച്ചയ്ക്കെത്തിയതെന്നും ഗസയില്‍ നിന്നും ഇസ്രയേല്‍ പിന്മാറുമെന്നത് ഉറപ്പാക്കണമെന്നും തടവുകാരെ കൈമാറണമെന്നും അദ്ദേഹം ഈജിപ്ത്യന്‍ ചാനലായ അല്‍ ഖഹെറ അല്‍ ഇഖ്ബാരിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.