16
Sep 2023
Mon
16 Sep 2023 Mon

പിണറായി ഒരു അവാര്‍ഡ് തന്നു, വേറൊരു സഹായവും സ്വീകരിച്ചിട്ടില്ല; ഇപ്പോഴും വാടകവീട്ടില്‍; സൈബറാക്രമണങ്ങള്‍ക്ക് മറുപടിയുമായി ഹനാന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: വിദ്യാര്‍ഥിയായിരിക്കെ ജീവിക്കാനായിനായി മീന്‍ കച്ചവടം നടത്തി സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും പിന്നീട് മോഡലായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും നിറഞ്ഞുനില്‍ക്കുന്ന ഹനാന്‍ തനിക്കെതിരായ സൈബറാക്രമണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ദത്തുപുത്രി എന്ന് വിളിച്ച് പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയുമായാണ് ഹനാന്‍ എത്തിയിരിക്കുന്നത്.

തന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു അവാര്‍ഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിതച്ചെലവും സര്‍ക്കാരില്‍നിന്ന് സ്വീകരിച്ചിട്ടില്ലെന്ന് ഹനാന്‍ പറയുന്നു. ഇപ്പോഴും വാടകവീട്ടിലാണ് താമസം. സഹായം തരാം എന്നു പറഞ്ഞ വീടു പോലും സ്വീകരിച്ചിട്ടില്ലെ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ഹനാന്‍ പറഞ്ഞു.

മനസ് തുറന്ന് ചിരിക്കാനുള്ള തന്റെ അവകാശത്തെ നിഷേധിക്കുകയാണെന്നും വ്‌ളോഗും പരസ്യങ്ങളും ട്രേഡിങ്ങും വഴി കിട്ടുന്ന വരുമാനത്തിലാണ് താന്‍ ജീവിക്കുന്നതെന്നും ഹനാന്‍ കുറിപ്പില്‍ പറയുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടമായതിനാല്‍ മുഖ്യമന്ത്രി ഒരു അവാര്‍ഡ് തന്നുവെന്നല്ലാതെ ധനസഹായമോ തനിക്ക് തരാമെന്ന് പറഞ്ഞ വീടോ സര്‍ക്കാരില്‍നിന്ന് താന്‍ സ്വീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചെലവില്‍ ദത്തുപുത്രി സുഖിക്കുന്നു എന്ന് വിലയിരുത്തുന്നതിന് മുമ്പ് അതിന്റെ സത്യാവസ്ഥ മനസിലാക്കണമെന്നും ഹനാന്‍ കുറിക്കുന്നു.

ഹനാന്റെ കുറിപ്പ്:

നീ ചിരിക്കരുത് നിൻ്റെ ചിരി ഭംഗി ഇല്ല എന്ന് പറയുന്നു ഒരു വിഭാഗം.എങ്ങെനെ എങ്കിലും പച്ച പിടിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോൾ നിനക്കു ചേരുന്നത് പഴയ ജോലിയാണ്. വന്ന വഴി ഒന്നു തിരിഞ്ഞ് നടക്കുന്നത് നല്ലതാണ് എന്ന് ഉപദേശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. മരമോന്തയാണ് നിന്നെ ആർക്കും കണ്ടൂടാ, നിൻ്റെ ശബ്ദം അലോസരം ഇങ്ങനെ എത്ര മാത്രം കുത്ത് വാക്കുകൾ സഹിക്കേണ്ടി വരുന്നു ഞാൻ ഇപ്പോഴും.
ഒന്ന് മനസ്സ് തുറന്നു ചിരിക്കാൻ ഉള്ള എൻ്റെ അവകാശത്തെ പോലും നിഷേധിക്കുന്നു. ആർക്കും ഉപദ്രവം ഇല്ലാതെ സന്തോഷം ആയി ജീവിതം മുന്നോട്ട് പോകുന്നു. എൻ്റെ പ്രവർത്തനങ്ങൾ ഇഷ്ടം ആയി മുഖ്യ മന്ത്രി ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിത ചിലവും ഞാൻ സർക്കാരിൽ നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടക വീട്ടിൽ ആണ്. സഹായം തരാം എന്ന് പറഞ്ഞ വീട് പോലും ഞാൻ വാങ്ങിയിട്ടില്ല. സർക്കാര് ചിലവിൽ ദത്ത് പുത്രി സുഖിക്കുന്നു എന്ന് വിലയിരുത്തുന്നതിനും മുമ്പ് ദയവ് ചെയ്തു അതിൻ്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചേദിക്കൂ എല്ലാവരും.
വ്ലോഗ് ചെയ്തും നിരവധി കമ്പനികൾക്ക് പരസ്യങ്ങൾ ചെയ്തും ട്രേഡിംഗ് വഴിയും കിട്ടുന്ന വരുമാനത്തിൽ സ്വന്തം കാലിൽ നിന്ന് അന്തസായി തന്നെയാണ് ഞാൻ ജീവിക്കുന്നത്. ആരോടും കൈ നീട്ടി അല്ല.അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ തന്നെ നോക്കാൻ വീട്ടിൽ ഒരു അനിയൻ കുട്ടൻ ഉണ്ട്. ചില സുഹൃത്തുക്കളും ഉണ്ട്. എന്നെ ഇങ്ങനെ ഇട്ട് ചൂഷണം ചെയ്യരുത്. സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. അഞ്ച് വർഷം മുമ്പ് കഷ്ടപ്പെട്ട കാലത്ത് പിടിച്ചു നിൽക്കാൻ മീൻ വിറ്റു ഉപജീവനം കണ്ടെത്തി എന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും കണ്ടെത്തിയതിൽ എന്തെങ്കിലും തെറ്റുണ്ടോ?