കോഴിക്കോട്: കേരളത്തില്‍ സര്‍വീസ് ആരംഭിക്കാനിരിക്കുന്ന തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം എക്‌സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റുകളെല്ലാം വിറ്റുപോയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് നടന്‍ ഹരീഷ് പേരടി. ബുക്കിങ്ങിന് മികച്ച പ്രതികരണം ലഭിച്ചെന്ന വാര്‍ത്ത പങ്കുവെച്ചാണ് ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയത്. ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ അദ്ദേഹം നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാമെന്നും പറഞ്ഞു.
|
ടിക്കറ്റുകള്‍ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസക്തിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഒരു പാട് പരിമിതിക്കുള്ളില്‍ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ… നിറയെ ഉമ്മകള്‍. കേരളത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കാനായി കേരളം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
‘ടിക്കറ്റുകള്‍ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസ്‌കതിയില്ല… കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരില്‍ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ.. ഒരു പാട് പരിമിതിക്കുള്ളില്‍ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ… നിറയെ ഉമ്മകള്‍…
എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോള്‍ അനുവദിക്കുമെങ്കില്‍ ഉമ്മ തരാം… ഞങ്ങള്‍ക്ക് ഇനിയും സ്പീഡ് വേണം… 25 ന് വരുമ്പോള്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കേള്‍ക്കാനായി കേരളം കാത്തിരിക്കുന്നു… എത്ര കുരുക്കള്‍ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും… എന്റെ പേര്.. ഹരീഷ് പേരടി’





