21
Feb 2023
Thu
21 Feb 2023 Thu

ജിദ്ദ: ഗൾഫ് മാധ്യമവും മീഫ്രണ്ട് ആപ്പും ഒരുക്കുന്ന ‘ഹാർമോണിയസ് കേരള’ മെഗാ ഉത്സവം നാളെ (വെള്ളി) നടക്കും. ജിദ്ദ ഇക്വസ്ട്രിയൻ പാർക്കിലാണ് മലയാളി സമൂഹം കാത്തിരുന്ന ഒരുമയുടെ മഹോത്സവത്തിന് വേദിയാകുന്നത്. നാളെ വൈകീട്ട് അരങ്ങേറാൻ പോകുന്ന മേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പരിപാടി വൻവിജയമാക്കാൻ വിപുലമായ സംവിധാനങ്ങളും സജ്ജീകരണങ്ങളുമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യകളായ ജിദ്ദ, മക്ക, മദീന, യാംബു, ത്വാഇഫ്, തബൂക്ക് തുടങ്ങിയ നഗരങ്ങളിൽ തിരഞ്ഞെടുത്ത ഷോപ്പുകളിലൂടെയും വ്യക്തികളിലൂടെയും ഓൺലൈൻ സംവിധാനത്തിലൂടെയും ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. മുഴുവൻ പ്രവാസി മലയാളികളെയും മെഗാ ഉത്സവത്തിന്റെ ഭാഗമാക്കാൻ ഏറ്റവും കുറഞ്ഞ നിരക്കാണ് ടിക്കറ്റിന് നിശ്ചയിച്ചിരിക്കുന്നത്. ജിദ്ദ നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ നിന്ന് ഇക്വസ്ട്രിയൻ പാർക്കിലേക്കും തിരിച്ചും ആളുകളെ എത്തിക്കുന്നതിനായി സൗജന്യ ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

മെഗാ ഉത്സവത്തിൽ വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ കലാകാരന്മാർ ജിദ്ദയിലെത്തിതുടങ്ങി. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വിവിധ ഷോകളിലൂടെ ആസ്വാദന മനസ്സുകളിൽ ചേക്കേറിയ ചലച്ചിത്ര, സംഗീത, മിമിക്രി രംഗത്തെ പ്രമുഖ കലാകാരന്മാരാണ് ഒരുമയുടെ ആനന്ദ രാവിന് പൊലിമയേകാൻ എത്തിയിരിക്കുന്നത്. 30 ഓളം കലാസംഘത്തിലെ മുഖ്യാതിഥി മലയാളികളുടെ പ്രിയതാരം ടോവിനോ തോമസാണ്.

ഗായകരായ സിത്താര, സന മൊയ്തുട്ടി, സൂരജ് സന്തോഷ്, കണ്ണൂർ ശരീഫ്, ജാസിം ജമാൽ, നർത്തകൻ റംസാൻ, മിമിക്രി കലാകാരൻ മഹേഷ്, വയലിനിസ്റ്റും പിന്നണി ഗായികയുമായ രൂപ രേവതി, അവതാരകൻ മിഥുൻ എന്നിവർക്ക് പുറമെ മികച്ച ഓർക്കസ്ട്ര ടീമും സാങ്കേതിക വിദഗ്ധരും സംഘത്തിലുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് വേദിയുടെ ഗേറ്റ് തുറക്കുക. കൃത്യം ഏഴ് മണിക്ക് മെഗാ ഷോക്ക് തിരശീല ഉയരും.