ലബ്‌നാൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ല കൊല്ലപ്പെട്ടു. ബെയ്‌റൂത്തിലെ ഹിസ്ബുല്ല ആസ്ഥാനം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്കു നേരെ വെള്ളിയാഴ്ച വൈകീട്ടോടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് നസ്‌റുല്ല കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. അതേസമയം ഗസയെ പിന്തുണയ്ക്കുന്നതും ഇസ്രായേലിനെതിരായ ലബനാന്‍ പ്രതിരോധവും തങ്ങള്‍ തുടരുമെന്നും ഹിസ്ബുല്ല ആവര്‍ത്തിച്ചു. നേരത്തേ ഹസൻ നസ്റുല്ലയെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
|
ആക്രമണത്തിൽ പത്തോളം പേര് കൊല്ലപ്പെട്ടതായി ആണ് റിപ്പോർട്ട്. നൂറോളം പേർക്ക് പരിക്കുണ്ട്. ഒരാഴ്ചയിലേറെ ആയി ഇസ്രായേൽ നടത്തിവരുന്ന ആക്രമണത്തിൽ ഇതിനകം 700 ലേറെ പേരാണ് കൊല്ലപ്പെട്ടത്. രണ്ടായിരത്തോളം പേർക്ക് പരുക്കേറ്റു. ആക്രമണത്തെ തുടർന്ന് വ്യാപക പലായനവും നടക്കുന്നുണ്ട്.
വെള്ളിയാഴ്ച തുടങ്ങിയ ആക്രമണം ശനിയാഴ്ചയും ഇസ്രായേൽ ലബാനാനു നേരെ തുടരുകയാണ്. ബെയ്റൂത്തിനു നേരെ നടത്തിയത് കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് അടിയിലുള്ള ഭൂഗർഭകേന്ദ്രങ്ങൾ തകർക്കാൻ ശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകളായിരുന്നുവെന്ന് ഇസ്രായേൽ വ്യക്തമാക്കി. 30 മീറ്റർ താഴ്ചയിൽ പ്രഹരം നടത്താൻ ശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകളുടെ പ്രഹരശേഷി മൂലം സമീപ കെട്ടിടങ്ങളും തകരും. ഇത്തരം ബോംബുകൾ ജനവാസ മേഖലയിൽ പ്രയോഗിക്കുന്നത് ജനീവ കൺവൻഷൻ വിലക്കിയിട്ടുള്ളതാണ്.
മുൻ സെക്രട്ടറി ജനറലിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെ 32 വർഷം മുമ്പാണ് നസ്‌റുല്ല ഹിസ്ബുല്ലയുടെ തലപ്പത്തെത്തിയത്. സുരക്ഷാ കാരണങ്ങളാൽ വർഷങ്ങളോളം നസ്‌റുല്ല പൊതുവേദികളിൽ പ്രത്യേക്ഷപ്പെട്ടിരുന്നില്ല.


