മുംബൈ: എല്ലാ മുസ്ലിംകളെയും പള്ളിയില്‍ കയറി വകവരുത്തുമെന്ന് പ്രസംഗിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ നിതേഷ് റാണെയ്ക്ക് മുന്നറിയിപ്പുമായി ന്യൂനപക്ഷമോര്‍ച്ച നേതാവ് ഹാജി അറഫാത്ത് ശൈഖും ശക്തമായി രംഗത്തുവന്നു. മുസ്ലിംകള്‍ തെരുവിലിറങ്ങിയാല്‍ നിതേഷിന് വായ തുറക്കാന്‍ കഴിയില്ലെന്ന് ന്യൂനപക്ഷമോര്‍ച്ച നേതാവ് മുന്നറിയിപ്പ് നല്‍കി. നിതേഷിനെ ബിജെപി നേതൃത്വം നിയന്ത്രിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിതേഷ് ‘ഗബ്ബര്‍’ (ബോളിവുഡ് സിനിമയിലെ കുപ്രസിദ്ധനായ വില്ലന്‍) അല്ലെന്നും മറിച്ച് ഹിന്ദുക്കളുടെ ‘ഗോബര്‍’ (ചാണകം) ആണെന്നും ഹാജി അറഫാത്ത് പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്ലാമിനെയും കുറിച്ച് മോശമായ ഭാഷ ഉപയോഗിക്കരുത്. മുസ്ലിംകള്‍ പ്രതിഷേധസൂചകമായി തെരുവിലിറങ്ങുകയാണെങ്കില്‍ നിതേഷിന് വായ തുറക്കാന്‍ പോലും കഴിയില്ലെന്നും ഹാജി അറഫാത്ത് മുന്നറിയിപ്പ് നല്‍കി.
|
കടുത്തവകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടും അദ്ദേഹത്തെ തൊടാന്‍ പൊലിസ് മടിച്ചുനില്‍ക്കുന്നതിനിടെയാണ് ഹാജി അറഫാത്ത് ശൈഖിന്റെ മുന്നറിയിപ്പ്. ഭീഷണിപ്പെടുത്തല്‍, മനഃപൂര്‍വം സമാധാനം തകര്‍ക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മുംബൈയിലെ ശ്രീരാംപൂര്‍, തോപ്ഖാന എന്നീ പൊലിസ് സ്റ്റേഷനുകളില്‍ രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകള്‍ ആണ് നിതേഷിനെതിരേ രജിസ്റ്റര്‍ചെയ്തത്. എന്നാല്‍ കേസെടുത്ത് മൂന്നുദിവസമായിട്ടും അദ്ദേഹത്തെ ഇതുവരെ അറസ്റ്റ്‌ചെയ്യുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല.
കഴിഞ്ഞമാസം തീവ്ര വിദ്വേഷപ്രസംഗം നടത്തുകയും അതിന്റെ പേരില്‍ പൊലിസ് നടപടി നേരിടുകയും ചെയ്യുന്ന വിവാദ സന്യാസി രാംഗിരി മഹാരാജിനെതിരേ മുസ്ലിംകള്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിതേഷിന്റെ വിവാദ പ്രസംഗം. മഹാരാജിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അവരെ പള്ളിയില്‍ കയറി വകവരുത്തുമെന്നായിരുന്നു നിതേഷ് പ്രസംഗിച്ചത്. പ്രസംഗത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കങ്കാവ്‌ലിയില്‍നിന്നുള്ള എം.എല്‍.എയായ നിതേഷ് കേന്ദമന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകനാണ്. കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ നിതേഷിന് എം.എല്‍.എ സ്ഥാനം നഷ്ടമാകും.
hate speech: Minority Front leader warns BJP MLA Nitesh Rane





