23
Jul 2024
Wed
23 Jul 2024 Wed
Kerala rain alert

തോരാമഴയില്‍ സംസ്ഥാനത്തെ പല ജില്ലകളിലും വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥ. (Heavy rain in kerala updates live) 8.45 സെന്റിമീറ്റര്‍ മഴയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്താകെ പെയ്തത്. 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രഖ്യാപനം കൂടുതല്‍ ആശങ്ക പരത്തുകയാണ്. അടുത്ത ദിവസങ്ങളില്‍ തെക്കന്‍ ചൈന കടലിലും വിയറ്റ്‌നാമിനും മുകളിലുള്ള ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കും. ഇത് 19 ന് പുതിയൊരു ന്യൂനമര്‍ദമായി മാറും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.

അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

thodupuzha malankara dam

തൊടുപുഴയിൽ മലങ്കര അണക്കെട്ടിന്റെ ആറു ഷട്ടറുകളും ഉയർത്തിയപ്പോൾ

മഴക്കെടുതിയില്‍ വിവിധ ജില്ലകളിലായി ഇന്നലെ മാത്രം 8 പേര്‍ മരിച്ചു. ഒരാളെ കാണാതായി. പാലക്കാട് വടക്കഞ്ചേരിയില്‍ വീടിന്റെ ചുമരിടിഞ്ഞു വീണു കണ്ണമ്പ്ര കൊട്ടേക്കാട് കൊടക്കുന്ന് വീട്ടില്‍ സുലോചന (54), മകന്‍ രഞ്ജിത് (31), വെള്ളക്കെട്ടില്‍ വീണ് കണ്ണൂര്‍ പാനൂര്‍ ഒളവിലം മേക്കരവീട്ടില്‍ താഴെക്കുനി കെ.ചന്ദ്രശേഖരന്‍ (62), കാസര്‍കോട് മധൂരില്‍ ഷോക്കേറ്റ് കുദ്രപ്പാടി ഗോപാലഗെട്ടിയുടെ ഭാര്യ ഹേമാവതി (50), പുല്ലു ചെത്താന്‍ പോയപ്പോള്‍ ഷോക്കേറ്റു പത്തനംതിട്ട തിരുവല്ല മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ റെജി (48), കാറ്റില്‍ ആല്‍മരം കടപുഴകി കാറിന് മുകളിലേക്കു വീണ് വിതുര ആനപ്പെട്ടി സ്വദേശിനി മോളി (42) എന്നിവരാണ് മരിച്ചത്.

മലപ്പുറം മേലാറ്റൂരില്‍ ശനിയാഴ്ച ഒഴുക്കില്‍പെട്ടു കാണാതായ പാലക്കാട് അലനല്ലൂര്‍ മരുതംപാറ പടുവില്‍കുന്നിലെ പുളിക്കല്‍വീട്ടില്‍ യൂസുഫിന്റെ (55) മൃതദേഹം ഇന്നലെ കണ്ടെത്തി. മാറാക്കര യുപി സ്‌കൂളിനു സമീപത്തെ പഞ്ചായത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ മേല്‍മുറി മുക്കിലപ്പീടിക സ്വദേശി ബൈജു (33) മുങ്ങി മരിച്ചു.

പാലക്കാട് ചിറ്റിലഞ്ചേരി ചീനാമ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട മുതുകുന്നി ആണ്ടിത്തറ പുത്തന്‍വീട്ടില്‍ രാജേഷിനെയാണ് (42) കാണാതായത്. സംസ്ഥാനത്താകെ 14 ക്യാംപുകളിലായി 224 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഒരു വീട് പൂര്‍ണമായും 97 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മണ്ണിടിഞ്ഞതിനെ തുടര്‍ന്നു കൊച്ചിധനുഷ്‌കോടി ദേശീയപാതയില്‍ ഗ്യാപ് റോഡില്‍ മൂന്നാര്‍ മുതല്‍ പൂപ്പാറ വരെയുള്ള ഗതാഗതം വിലക്കി.

8 ജില്ലകളില്‍ അവധി

മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കോട്ടയം ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കണ്ണൂരിലെ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരതപ്പുഴയില്‍ 3 വര്‍ഷത്തെ കൂടിയ ജലനിരപ്പ്

ശക്തമായ മഴയില്‍ കാഞ്ഞിരപ്പുഴ അണക്കെട്ട് ഉള്‍പ്പെടെ തുറന്നതോടെ ഭാരതപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഇന്നലെ വൈകിട്ട് 6ന് 6.78 മീറ്ററാണു പുഴയിലെ ജലനിരപ്പ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ആദ്യമായാണ് നിളയിലെ ജലനിരപ്പ് ഇത്രയും ഉയരുന്നത്. ഇന്നലെ ഓരോ മണിക്കൂറിലും 10 സെന്റിമീറ്ററോളം വീതമാണു ജലനിരപ്പു കൂടിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക