ന്യൂഡല്‍ഹി: മുസ്‌ലിം പള്ളിയില്‍ അതിക്രമിച്ചുകയറി ജയ്ശ്രീറാം വിളിക്കുന്നത് തെറ്റല്ലെന്ന് ഹൈക്കോടതി.(High Court says it’s okay to chant Jai Shri Ram inside a mosque as it is a public place) പ്രതികളെ വെറുതെ വിട്ട കര്‍ണാടക ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി.
|
ദക്ഷിണ കന്നഡ ജില്ലയിലെ ബദ്‌രിയ മസ്ജിദില്‍ കയറി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയും മുസ്‌ലിംകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തെ നിസാരവല്‍ക്കരിച്ച ഹൈക്കോടതി നിലപാടിനെതിരേയാണ് ഹരജി. ഹരജി നാളെ സുപ്രീം കോടതി പരിഗണിക്കും.
പള്ളിയില്‍ ജയശ്രീറാം വിളിക്കുന്നത് ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തില്ലെന്നു നിരീക്ഷിച്ചായിരുന്നു പ്രതികളായ കീര്‍ത്തന്‍ കുമാര്‍, സച്ചിന്‍ കുമാര്‍ എന്നിവരെ കര്‍ണാടക ഹൈകോടതി വെറുതെവിട്ടത്.
ALSO READ: വിവാഹിതനായി നാലാം നാള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്നു; ഭാര്യയും കാമുകനും അറസ്റ്റില്‍
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24നാണ് സംഭവം. രാത്രി 10.50ഓടെ പള്ളിയില്‍ അതിക്രമിച്ചു കയറിയ കീര്‍ത്തനും സച്ചിനും ‘ജയ് ശ്രീറാം’ വിളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നാട്ടുകാര്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തു.
‘ഞങ്ങളുടെ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാന്‍ നിങ്ങളെ അനുവദിക്കില്ല’ എന്നായിരുന്നു ഭീഷണി. സംഭവത്തില്‍ നാട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും പ്രതികള്‍ അറസ്റ്റിലാകുകയും ചെയ്തു. ഐപിസി 295 എ(മതവികാരം വ്രണപ്പെടുത്തല്‍), 447(അതിക്രമിച്ചുകയറല്‍), 506(ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
എന്നാല്‍, കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പള്ളി പൊതുസ്ഥലമായതിനാല്‍ അതിക്രമിച്ചു കയറല്‍ എന്ന കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇതോടൊപ്പം, ‘ജയ് ശ്രീറാം’ വിളിക്കുന്നത് 295എ പ്രകാരം കേസെടുക്കാവുന്ന ഒരു കുറ്റമല്ലെന്നും പ്രതിഭാഗം അവകാശപ്പെട്ടു.
ഈ വാദങ്ങള്‍ ശരിവച്ചാണ് പ്രതികളെ വെറുതെവിട്ടത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് കേസ് പരിഗണിച്ചത്. ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം ബോധപൂര്‍വം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള വകുപ്പാണ് 295എ എന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഒരാള്‍ ‘ജയ് ശ്രീറാം’ എന്നു വിളിച്ചാല്‍ എങ്ങനെയാണ് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുക എന്നു മനസിലാകുന്നില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
പ്രതികളെ വെറുതെവിടുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ഹൈകോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ സൗമ്യ ആര്‍ പറഞ്ഞു. എന്നാല്‍, നിലവിലെ കേസ് ഒരു തരത്തിലും ക്രമസമാധാനനിലയെ ബാധിക്കില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. ആരോപിക്കപ്പെടുന്ന കുറ്റങ്ങളൊന്നും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കുന്നത് നിയമത്തിന്റെ ദുരുപയോഗമായിരിക്കുമെന്നായിരുന്നു കോടതി പറഞ്ഞത്.
അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള ഹൈക്കോടതി ഉത്തരവ് ഇത്തരം വിഷയത്തിലുള്ള സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്ന് അഡ്വ. ജാവേദുര്‍ റഹ്‌മാന്‍ മുഖേന ഹൈദര്‍ അലി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇത്തരം നടപടികള്‍ സാമുദായിക സൗഹാര്‍ദ്ദത്തിനും ക്രമസമാധാനപാലനത്തിനുമുണ്ടാക്കുന്ന കോട്ടങ്ങള്‍ ഹൈക്കോടതി പരിഗണിച്ചിട്ടുണ്ടോ എന്ന ആശങ്കയും ഹരജിയില്‍ ഉന്നയിച്ചു. ഹൈക്കോടതി വിധി ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെ ന്യായീകരിക്കാന്‍ സാമൂഹിക വിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുമെന്നും ഹരജിയിലുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





