|
ഇസ്മായിൽ വെങ്ങശ്ശേരി
ഒരു സമ്പൂർണ ഭരണഘടനയും ഭരണഘടനാ നിർമാണാധികാരവുമുള്ള പാർലമെന്റും അതിന് മുകളിൽ നിരീക്ഷണാധികാരമുള്ള സുപ്രിം കോടതിയും എല്ലാമുള്ള ഒരു സ്വതന്ത്ര ജനാധിപത്യ റിപബ്ലിക്കിൻ കീഴിൽ കുറച്ച് ആൾക്കാർ മാത്രം സ്വന്തം ഇഷ്ടപ്രകാരം വേറെ ഭരണഘടനയും നിയമങ്ങളും ഭരണസംവിധാനവും വിഭാവനംചെയ്യുന്ന കരട് രേഖ എഴുതിയുണ്ടാക്കി മറ്റൊരു രാഷ്ട്രം വിഭാവനംചെയ്യുന്നത് എത്രവലിയ നടക്കാത്ത സ്വപ്നമാണെങ്കിലും ഇത്തരം വിഘടന ചിന്തകൾക്ക് നേതൃത്വം നൽകി അതിന് വേണ്ടി നിലകൊള്ളുന്നത് എത്രമാത്രം രാജ്യദ്രോഹപരമായ വാദമല്ല ?
ഈ വികല വിഘടനാ വാദം മറ്റുള്ള വിഘടനാ ചിന്തകളെ പരിപോഷിക്കില്ല എന്ന് എങ്ങനെ പറയാനാവും? ഭാഷാപരമായ കാർക്കശ്യം വാക്കുകളിലെങ്കിലും ഭരണാധികാരികളിൽ നിന്നും കേട്ടപ്പോൾ വിന്ധ്യനു തെക്കുനിന്നും വടക്കുകിഴക്കൻ മേഖലകളിൽ നിന്നും ചിലരെങ്കിലും കടുത്ത മറുവാദം ഉന്നയിച്ചതും, ദ്രാവിഡ വികാരം ഉണർത്തുന്നതും, സാക്ഷാൽ സ്റ്റാലിൻ തന്നെ നമുക്ക് വേറെ ചിന്തിക്കേണ്ടിവരുമെന്ന് ഉണർത്തിയതും നമുക്ക് പാഠമല്ലേ ?
ഒരാൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ചൊല്ലാത്ത, ഉരിയാടാത്ത, മനസ്സിൽ വിചാരിക്കുകപോലും ചെയ്യാത്ത ആശയമാരോപിച്ച്, തന്റെ പരിസരത്ത് കണ്ട ഏതോ ഒരു തുണ്ട് കടലാസിന്റെയോ, ലഘുലേഖയോ പേര് പറഞ്ഞ് രാജ്യദ്രോഹം കുറ്റം ചുമത്തി ജയിലിലടയ്ക്കാൻ സാധിക്കും എങ്കിൽ ഇത്തരം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന സമാന്തര ഭരണഘടനാ സംവിധാനങ്ങളുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തടയിടാൻ നമ്മുടെ നിയമത്തിൽ വകുപ്പുകൾ ഇല്ലേ…?
രാജ്യം കടന്നുവന്ന കടുത്ത യാഥാർഥ്യങ്ങൾ നമുക്ക് പാഠമാവുന്നില്ലെങ്കിൽ, ചരിത്രപരമായ തെറ്റുകൾ തിരുത്താൻ നമുക്ക് കഴിയുന്നില്ല എങ്കിൽ, ചരിത്രത്തിന്റെ “സൈക്കിളിക്കൽ സ്വഭാവം” അത് നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. ചിലർക്ക് മാത്രം അടുപ്പിലും ആവാമെന്നാണെങ്കിൽ രാജ്യം മാത്രമല്ല, നാമെല്ലാവരും അതിന്റെ ദുരവസ്ഥ അനുഭവിക്കണ്ടിവരും.



