സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ കന്നി യാത്രയില്‍ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നടന്ന ‘പ്രിയദര്‍ശിനി’ ഓര്‍ഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.
|
പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തില്‍ ബസിനുള്ളില്‍ പായസവിതരണം നടന്നിരുന്നു. മന്ത്രിക്ക് നല്‍കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസിലേക്ക് പായസം എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഈ സമയത്ത് മന്ത്രിയെ കാണാനും ആശംസകള്‍ അറിയിക്കാനുമായി അനുയായികളും യാത്രക്കാരും അടങ്ങുന്ന വലിയൊരു ജനക്കൂട്ടം ബസിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു.
തിക്കിലും തിരക്കിലും പെട്ട് പായസം നിറച്ച പാത്രം തട്ടുകയും ചൂടുള്ള പായസം മന്ത്രിയുടെ തലയിലേക്കും ദേഹത്തേക്കും മറിയുകയുമായിരുന്നു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ മുഖവും തലയും വൃത്തിയാക്കി. പായസം വീണെങ്കിലും ചിന്നക്കട വരെ ബസില്‍ യാത്ര തുടര്‍ന്ന ശേഷമാണ് മന്ത്രി മടങ്ങിയത്.
മനഃപൂര്‍വമല്ലെന്ന് പ്രവര്‍ത്തകര്‍
സംഭവം വിവാദമായതോടെ വിശദീകരണവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം മനഃപൂര്‍വമല്ലെന്നും ബസിനുള്ളിലെ അനിയന്ത്രിതമായ തിരക്ക് കാരണം അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് പ്രവര്‍ത്തകരുടെ വിശദീകരണം. അതേസമയം, ചടങ്ങിലുണ്ടായ സുരക്ഷാവീഴ്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്.

