കന്‍വാര്‍ യാത്രാ റൂട്ടിലെ കട ഉടമകള്‍ പേര് പ്രദര്‍ശിപ്പിക്കണമെന്ന് യു.പി സര്‍ക്കാര്‍; ഉത്തരവ് മുസ്ലിം വ്യാപാരികളെ ബഹിഷ്‌കരിക്കാനെന്ന് ആരോപണം
|
ലഖ്‌നൗ: കന്‍വാരിയാസ് എന്നറിയപ്പെടുന്ന ശിവഭക്തരുടെ വാര്‍ഷിക തീര്‍ത്ഥാടനമായ ശ്രാവണ മാസത്തിലെ കന്‍വാര്‍ യാത്രയ്ക്ക് മുന്നോടിയായി വര്‍ഗീയസ്വഭാവമുള്ള ഉത്തരവുമായി യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് അധികൃതര്‍. യാത്രാ റൂട്ടിലെ വ്യാപാരികള്‍ സ്ഥാപനത്തിന് പുറത്ത് ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് മുസഫര്‍ നഗര്‍ ജില്ലാ ഭരണകൂടമാണ് ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച് യാത്രാ റൂട്ടിലെ ഹോട്ടലുകള്‍, പഴം, തട്ടുകടകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. മുസഫര്‍നഗറില്‍നിന്ന് കന്‍വാര്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് 240 കിലോമീറ്റര്‍ ആണുള്ളത്.
ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഗൗമുഖ്, ഗംഗോത്രി, ബീഹാറിലെ ഭഗല്‍പൂര്‍ സുല്‍ത്താന്‍ഗഞ്ച്, അജ്‌ഗൈബിനാഥ് എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കാണ് ഘോഷയാത്ര നടത്തുക. കഴിഞ്ഞ വര്‍ഷം കന്‍വാര്‍ യാത്രയ്ക്കിടെ യഷ് വീര്‍ മഹാരാജ് എന്ന സ്വാമി മുസ്‌ലിം സമുദായം തങ്ങളുടെ കടകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും പേരുകള്‍ നല്‍കുന്നുണ്ടെന്നും ഈ വര്‍ഷം തീര്‍ഥാടകര്‍ക്ക് ‘ശരിയായ’ സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും കഴിയുന്ന തരത്തില്‍ എല്ലാ ഭക്ഷണശാലകളും ഹോട്ടല്‍ സ്ഥാപനങ്ങളും അവരുടെ ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഉത്തരവിനെതിരേ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എം.പി രംഗത്തുവന്നിട്ടുണ്ട്. ഹിറ്റ്‌ലറുടെ നയമാണിതെന്നാണ് ഉവൈസി പ്രതികരിച്ചത്. ‘ഉത്തര്‍പ്രദേശ് പൊലീസിന്റെ ഉത്തരവനുസരിച്ച് ഓരോ ഭക്ഷണശാലയും വണ്ടി ഉടമയും തന്റെ പേര് ബോര്‍ഡില്‍ ഇടേണ്ടിവരും. ഒരു കന്‍വാരിയയും മുസ്‌ലിം കടകളില്‍നിന്ന് ഒന്നും വാങ്ങില്ല. ഇതിനെ ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനം എന്നും ഹിറ്റ്‌ലറുടെ ജര്‍മ്മനിയില്‍ ‘ജൂഡന്‍ബോയ്‌കോട്ട്’ എന്നും വിളിച്ചിരുന്നു’ ഉവൈസി ട്വീറ്റ്‌ചെയ്തു.
യാത്രയ്ക്ക് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ മാംസവില്‍പനയ്ക്ക് നേരത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. കന്‍വാര്‍ യാത്ര നടക്കുന്ന വഴികളില്‍ മാംസം വില്‍ക്കുന്നതും വാങ്ങുന്നതും തടയുകയാണ് ലക്ഷ്യം. ഈ മാസം 22 മുതലാണ് ശ്രാവണ മാസം ആരംഭിക്കുന്നത്. ഈ കാലയളവില്‍ ശ്രാവണി, ശിവരാത്രി, നാഗപഞ്ചമി, രക്ഷാബന്ധന്‍ എന്നിവ ആഘോഷിക്കും. ഈ സമയത്താണ് കന്‍വാര്‍ യാത്രയും നടക്കുക.
UP: Hotels asked to display names ahead of Kanwar Ytara





