25
Aug 2025
Thu
25 Aug 2025 Thu
husband hacked wife to death in Nemom

തിരുവനന്തപുരം നേമം കല്ലിയൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കല്ലിയൂര്‍ പുന്നമൂട് കുരുവിക്കാട് ലെയ്‌നില്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തിനു സമീപം കുന്നത്തുവിള വീട്ടില്‍ ബിന്‍സി (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സുനിലിനെ നേമം പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു ഇയാള്‍ ഭാര്യയെ ആക്രമിച്ചത്. ഹരിത കര്‍മസേനയിലെ ജീവനക്കാരിയായിരുന്നു ബിന്‍സി. സുനില്‍ കൂലിപ്പണിക്കാരനാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദമ്പതികള്‍ക്ക് രണ്ടിലും നാലിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. സുനില്‍ ബിന്‍സിയെ ആക്രമിച്ച സമയം കുട്ടികള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ഈ വിവരം അറിഞ്ഞിരുന്നില്ല. രാവിലെ കുട്ടികളോട് അമ്മയ്ക്കു പനിയാണെന്നും വിളിക്കേണ്ടെന്നും പറഞ്ഞ സുനില്‍ കടയില്‍ നിന്നു ഭക്ഷണം വാങ്ങി നല്‍കി കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോയി വിടുകയും ചെയ്തു. സാധാരണ ബിന്‍സിയാണ് കുട്ടികളെ സ്‌കൂളില്‍ എത്തിച്ചിരുന്നത്. ബിന്‍സിക്കു സുഖമില്ലെന്നാണ് ഇയാള്‍ അധ്യാപകരോടും പറഞ്ഞത്. പതിവിലും നേരത്തേ കുട്ടികളെ സ്‌കൂളിലെത്തിച്ച ശേഷം അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ സുനില്‍ ഒളിച്ചിരുന്നു.

ബിന്‍സി ആക്രമിക്കപ്പെട്ട വിവരമറിഞ്ഞു നാട്ടുകാര്‍ എത്തിയപ്പോഴാണ് സുനിലും പുറത്തിറങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ സുനിലിനേയും കൂട്ടി ബിന്‍സിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. സംശയം തോന്നിയ പോലീസ് സുനിലിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.