ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ, ധര്‍മശാലയില്‍ തീപാറും
|
ധര്‍മശാല: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് കരുത്തന്‍മാരുടെ പോരാട്ടം. അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് മത്സരം. ഉച്ചയ്ക്ക് രണ്ടുമുതല്‍ ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലുള്ള എച്ച്.പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയപ്പെടാത്ത ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം തീ പാറുമെന്ന് ഉറപ്പ്. ഇരു ടീമുകളും നാല് മത്സരങ്ങളിലും എതിരാളികള്‍ക്ക് മേല്‍ സര്‍വാധിപത്യം പുലര്‍ത്തിയാണ് വിജയങ്ങള്‍ സ്വന്തമാക്കിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും രണ്ട് കൂട്ടര്‍ക്കും ആശങ്കകളില്ല.
ന്യൂസിലന്‍ഡ് പോയന്റ് പട്ടികയില്‍ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. ഇരുടീമുകളുടെയും ബാറ്റിങ്ങും ബൗളിങ്ങും ശക്തമാണ്. ഇന്ത്യന്‍ ടീമില്‍ സഹനായകനും ഓള്‍ റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ കളിക്കാത്തത് വലിയ തിരിച്ചടിയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബൗളിങ്ങിനിടെ ഹാര്‍ദികിന്റെ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് കാരണം.
സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവരിലൊരാള്‍ ടീമിലിടം നേടും. ഓള്‍റൗണ്ടറെയാണ് പരിഗണിക്കുന്നതെങ്കില്‍ അശ്വിന്‍ കളിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ടീമില്‍ മൂന്ന് സ്പിന്നര്‍മാരുണ്ടാകും. ധരംശാലയിലെ പിച്ച് സ്പിന്നിന് അനുകൂലമാണ് എന്നതും അശ്വിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഓള്‍റൗണ്ടര്‍ക്ക് പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെയാണ് പരിഗണിക്കുന്നതെങ്കില്‍ സൂര്യകുമാറിന് ഇടം ലഭിച്ചേക്കും.
പേസ് ബൗളര്‍കൂടിയായ ഹാര്‍ദിക്കിന് പകരം ഒരു ഫാസ്റ്റ് ബൗളറെയാണ് ഇന്ത്യന്‍ ടീം നോക്കുന്നതെങ്കില്‍ മുഹമ്മദ് ഷമിയ്ക്ക് നറുക്കുവീഴും. മിന്നുന്ന ഫോമിലായ ഷമിയ്ക്ക് ഇതുവരെ ലോകകപ്പില്‍ കളിക്കാനിടം ലഭിച്ചിട്ടില്ല. ഷമിയെ ഉള്‍പ്പെടുത്തിയാല്‍ ടീമിന് ഒരു ബാറ്ററെ നഷ്ടപ്പെടും. എന്നാല്‍ അശ്വിനാണെങ്കില്‍ ടീമിന് ഒരു ബാറ്ററെയും സ്പിന്നറെയും ലഭിക്കും.
2003ലെ ലോകകപ്പിലെ വിജയത്തിന് ശേഷം കിവീസിനെ ഇതുവരെ ഐ.സി.സി ടൂര്‍ണമെന്റില്‍ കീഴടക്കാന്‍ പറ്റിയിട്ടില്ലെന്നത് ഇന്ത്യയെ വേട്ടയാടുന്നുണ്ട്. കഴിഞ്ഞ തവണ ഇന്ത്യയെ സെമിയില്‍ പരാജയപ്പെടുത്തിയത് ന്യൂസിലാന്‍ഡായിരുന്നു. 2019 സെമിയിലെ കിവീസിനോടേറ്റ പരാജയം ഇന്ത്യന്‍ ആരാധകര്‍ ഇനിയും മറന്നിട്ടില്ല. ഏകദിന ലോകകപ്പില്‍ ഒന്‍പത് തവണ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണ വിജയം ന്യൂസിലന്‍ഡിനായിരുന്നു. മൂന്ന് തവണ ഇന്ത്യ വിജയിച്ചപ്പോള്‍ ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു. 2019ല്‍ ഉള്‍പ്പെടെ ഇന്ത്യയെ പലകുറി ഐ.സി.സി ടൂര്‍ണമെന്റുകളില്‍ വീഴ്ത്തിയ ന്യൂസിലന്റിനെ ഇന്ന് ഇന്ത്യ മറികടക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





