28
Sep 2023
Tue
28 Sep 2023 Tue

ജില്ലകളുടെ വലുപ്പത്തില്‍ പാലക്കാടിനെ പിന്തള്ളി ഇടുക്കി വീണ്ടും ഒന്നാമത്; എറണാകുളം അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലകളുടെ വലുപ്പത്തില്‍ ഇടുക്കി വീണ്ടും ഒന്നാമതായി. പാലക്കാടിനെ പിന്നിലാക്കിയാണ് ഇടുക്കി ഈ നേട്ടം കൈവരിക്കുന്നത്. ഭരണ സൗകര്യത്തിനായി എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായ 12718.5095 ഹെക്ടര്‍ സ്ഥലം ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേര്‍ത്തതോടെയാണ് സംസ്ഥാനത്തെ വലുപ്പം കൂടിയ ജില്ല എന്ന പദവി ഇടുക്കിക്ക് തിരികെ ലഭിച്ചത്. പാലക്കാടിനെ പിന്തള്ളിയാണ് ഇടുക്കി മുന്നിലെത്തിയത്.

ഇടുക്കിയുടെ ആകെ വിസ്തൃതി 4358 ല്‍ നിന്ന് 4612 ചതുരശ്ര കിലോമീറ്ററായാണ് ഉയര്‍ന്നത്. ഇതോടെ 4482 ചതുരശ്ര കിലോമീറ്ററുള്ള പാലക്കാട് വലുപ്പത്തിന്റെ കാര്യത്തില്‍ രണ്ടാമതായി. ഭരണ സൗകര്യത്തിനായാണ് കുട്ടമ്പുഴ വില്ലേജിന്റെ ഭാഗങ്ങള്‍ ഇടമലക്കുടിയിലേക്ക് കൂട്ടിച്ചേര്‍ത്തത്. പുതിയ മാറ്റത്തോടെ എറണാകുളം ജില്ല വിസ്തീര്‍ണത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തും അഞ്ചാമതായിരുന്ന തൃശൂര്‍ നാലാം സ്ഥാനത്തുമെത്തി. മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.

1997ന് മുന്‍പ് ഇടുക്കി തന്നെയായിരുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല. എന്നാല്‍ 1997 ജനുവരി ഒന്നിന് ദേവികുളം താലൂക്കില്‍ നിന്ന് കുട്ടമ്പുഴ വില്ലേജ് എറണാകുളത്തെ കോതമംഗലം താലൂക്കിലേക്ക് ചേര്‍ത്തതോടെയാണ് ഇടുക്കിയുടെ വലുപ്പം കുറഞ്ഞത്.