30
Mar 2025
Mon
30 Mar 2025 Mon
IIT Baba arrested by Police with Ganja

കുംഭമേളയ്ക്കിടെ വൈറലായ ഐഐടി ബാബ കഞ്ചാവുമായി പോലീസ് പിടിയില്‍. ബോംബെ ഐ.ഐ.ടി.യില്‍നിന്ന് ഏറോസ്പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദധാരിയാണെന്ന് അവകാശപ്പെടുന്ന അഭയ് സിങ് ആണ് പിടിയിലായത്. കാനഡയിലെ ജോലി ഉപേക്ഷിച്ചാണ് താന്‍ ആത്മീയവഴിയിലെത്തിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജസ്ഥാനിലെ ജയ്പുരിലുള്ള ഹോട്ടലില്‍നിന്നാണ് ഐഐടി ബാബയെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം കേസെടുത്തെങ്കിലും ഇയാളില്‍ നിന്നു പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ഇയാളെ ചോദ്യംചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു.

ഐഐടി ബാബയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലെ പോസ്റ്റുകള്‍ കണ്ട് ചില അനുയായികളാണ് ഐഐടി ബാബ നഗരത്തിലെ ഹോട്ടലിലുണ്ടെന്നും ആത്മഹത്യചെയ്യാന്‍ പോവുകയാണെന്നുമുള്ള വിവരം പോലീസിനെ അറിയിച്ചത്. പോലീസ് ഹോട്ടലിലെത്തിയപ്പോള്‍ താന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നും അബോധാവസ്ഥയിലാകാം താന്‍ പലതും പറഞ്ഞതെന്നും ഇയാള്‍ വെളിപ്പെടുത്തി. കൈവശം കഞ്ചാവുണ്ടെന്നും ഇയാള്‍ സമ്മതിച്ചു.

അതേസമയം, തന്റെ കൈയിലുണ്ടായിരുന്നത് പ്രസാദമായിരുന്നു എന്നായിരുന്നു ഐഐടി ബാബയുടെ പ്രതികരണം. എല്ലാ ഋഷിമാരുടെ കൈയിലും ഈ പ്രസാദമുണ്ടെന്നും ഇത് നിയമവിരുദ്ധമാണെങ്കില്‍ മഹാകുംഭമേളയില്‍ പങ്കെടുത്ത ഋഷിമാരെയെല്ലാം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക