27
Dec 2023
Sun
27 Dec 2023 Sun

ചക്രവാതച്ചുഴി; സംസ്ഥാനത്ത് തീവ്രമഴ, നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 6 ജില്ലകളില്‍ യെല്ലോ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ ലഭിക്കും. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നാണ് ചക്രവാതചുഴി നിലനില്‍ക്കുന്നത്. ഇതിന്റെ സ്വാധീനഫമായി തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിന് സമീപത്തായുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിന് കാരണം.