13
Sep 2023
Tue
13 Sep 2023 Tue

സൗദിയുമായുള്ള കറന്‍സി മാറ്റം: പ്രവാസികള്‍ക്കും വലിയ നേട്ടമാകും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: ഇന്ത്യന്‍ രൂപയിലും സൗദി റിയാലിലും വ്യാപാരം നടത്താന്‍ ധാരണയിലെത്തുന്നതോടെ നേട്ടമാകുക ഇരു രാജ്യങ്ങള്‍ക്കും. ഇന്ത്യാ സന്ദര്‍ശനത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ദേശീയ കറന്‍സികളില്‍ വ്യാപാരം നടത്തുന്നത് സംബന്ധിച്ച് ഇന്ത്യയും സൗദിയും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായും ഇതിനായുള്ള നിര്‍ദേശങ്ങള്‍ കൈമാറിയതായും വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഔസാഫ് സഈദ് അറിയിച്ചു.

വ്യാപാരം പ്രാദേശിക കറന്‍സികളിലേക്ക് മാറ്റുന്നതിനുള്ള ഉദാഹരണമായി നേരത്തെ യു.എ.ഇയുമായി ഇന്ത്യ ഒപ്പുവെച്ച ധാരണ മുന്നിലുണ്ട്. റിയാല്‍, രൂപ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് കറന്‍സി മാറ്റം കൊണ്ട് ഉദ്ദേശിക്കുന്നത്.

യു.എ.ഇയുടെ അനുഭവം പരിശോധിച്ചാകും സൗദി അറേബ്യ തീരുമാനമെടുക്കുക. പരസ്പരമുള്ള ഇടപാടുകള്‍ക്ക് പ്രാദേശിക കറന്‍സി ഉപയോഗിക്കുന്നതിലൂടെ വിദേശ വിനിമയത്തിനുള്ള ചെലവും ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയവും ലാഭിക്കാനാകും. സൗദിയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കും ഇതു നേട്ടമാകും. ഇന്ത്യന്‍ രൂപ, സൗദി റിയാല്‍ വിദേശ വിനിമയവിപണി ശക്തിപ്പെടുത്തുക, പരസ്പരം നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ഇടപാടുകള്‍ ശക്തിപ്പെടുത്തുക എന്നിവയാണ് ലോക്കല്‍ കറനന്‍സി സെറ്റില്‍മെന്റിലൂടെ ലക്ഷ്യമിടുന്നത്.

നേരത്തെ രാഷ്ട്രപതി ഭവനില്‍ ഗാര്‍ഡ് ഒഫ് ഓണര്‍ നല്‍കിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു, മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് സ്വീകരണം നല്‍കിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടന്ന സ്വീകരണ ചടങ്ങോടെയാണ്മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യയിലെ ഔദ്യോഗിക സന്ദര്‍ശനം ആരംഭിച്ചു.