അബുദാബി: യു.എ.ഇയില്‍ രണ്ട് പതിറ്റാണ്ടോളമായി താമസിക്കുന്ന ഇന്ത്യന്‍ പ്രവാസിക്ക് അബുദാബി ബിഗ് ടിക്കറ്റ് (Big Ticket) നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (ഏകദേശം 2.2 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. യുപിയിലെ റാഞ്ചി സ്വദേശിയായ 60 കാരനായ കിഷോരേഷ് റൗട്ടാണ് ഈ വന്‍ തുക സ്വന്തമാക്കിയത്. മകളുടെ വിവാഹം നടക്കാനിരിക്കെ കൈവന്ന ഈ ഭാഗ്യം കുടുംബത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്.
|
കഴിഞ്ഞ 18 വര്‍ഷമായി കിഷോരേഷ് കുടുംബത്തോടൊപ്പം യു.എ.ഇയിലാണ് താമസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി എയര്‍പോര്‍ട്ട് വഴി സ്ഥിരമായി യാത്ര ചെയ്യുമ്പോഴാണ് ബിസിനസുകാരനായ അദ്ദേഹം ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. പിന്നീട് ഇന്റര്‍നെറ്റിലൂടെ ഇതിനെക്കുറിച്ച് കൂടുതല്‍ വായിച്ചറിഞ്ഞു. എങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി മാത്രമാണ് അദ്ദേഹം സ്ഥിരമായി ടിക്കറ്റുകള്‍ എടുക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ വലിയ വിജയമാണിത്.
‘ഞാന്‍ ടിക്കറ്റ് വാങ്ങാന്‍ പോകുമ്പോഴൊക്കെ മകള്‍ എന്നെ വിലക്കുമായിരുന്നു. ഈ ലോട്ടറി കമ്പനികളെല്ലാം തട്ടിപ്പാണെന്നും നമുക്കൊന്നും ഒരിക്കലും അടിക്കാന്‍ പോകുന്നില്ലെന്നുമാണ് അവള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഞാന്‍ അത് കേള്‍ക്കാതെ ടിക്കറ്റ് എടുക്കുന്നത് തുടര്‍ന്നു. ഈ ഭാഗ്യ ടിക്കറ്റ് ഞാന്‍ അവളില്‍ നിന്ന് ഒളിപ്പിച്ചാണ് വെച്ചിരുന്നത്. അതുകൊണ്ട് തന്നെ സമ്മാനം അടിച്ച വിവരം അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചതും മകളെയാണ്. ഞങ്ങള്‍ രണ്ടുപേരും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു,’ കിഷോരേഷ് തന്റെ സന്തോഷം പങ്കുവെച്ചു.
ഭാഗ്യം കൊണ്ടുവന്ന ആ കൊച്ചു വിശ്വാസം
താന്‍ ടിക്കറ്റ് നമ്പര്‍ തിരഞ്ഞെടുത്തതിന് പിന്നിലെ ഒരു ചെറിയ വിശ്വാസത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി: ‘വിജയിച്ച ഈ ടിക്കറ്റ് തിരഞ്ഞെടുക്കുമ്പോള്‍, അതിലെ അക്കങ്ങള്‍ കൂട്ടിയാല്‍ ആകെ തുക ‘5’ കിട്ടുന്ന തരത്തിലുള്ള നമ്പറാണ് ഞാന്‍ നോക്കിയത്. ഇത്തരം കാര്യങ്ങളില്‍ എനിക്ക് വലിയ വിശ്വാസമൊന്നുമില്ലെങ്കിലും ഇത്തവണ അത് കൃത്യമായി ഫലിച്ചു.’ സമ്മാനത്തുക എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, ‘ഈ തുക മുഴുവന്‍ ഞാന്‍ മകള്‍ക്ക് നല്‍കും. അവളുടെ വിവാഹം വരാനിരിക്കുകയാണ്, അതുകൊണ്ട് തന്നെ ഈ തുക അവള്‍ക്ക് വലിയൊരു സഹായമാകും,’ എന്ന് അദ്ദേഹം മറുപടി നല്‍കി.
ഇനിയും ബിഗ് ടിക്കറ്റില്‍ പങ്കാളിയാകുമോ എന്ന് ചോദിച്ചപ്പോള്‍ കിഷോരേഷ് പറഞ്ഞത് ഇങ്ങനെയാണ്: ‘ലോട്ടറി തട്ടിപ്പാണെന്ന് പറഞ്ഞ മകള്‍ ഇപ്പോള്‍ അവള്‍ക്ക് വേണ്ടിയും ടിക്കറ്റുകള്‍ എടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ ഇതിനകം തന്നെ നാല് ടിക്കറ്റുകള്‍ വാങ്ങിക്കഴിഞ്ഞു. എന്റെ ഭാഗ്യം തെളിഞ്ഞതറിഞ്ഞ് സഹപ്രവര്‍ത്തകരും അവര്‍ക്ക് വേണ്ടി ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും കൂടി പണം ഷെയര്‍ ചെയ്ത് ഒരു ഗ്രൂപ്പായി വരാന്‍ ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്, ഞാനും അതില്‍ പങ്കാളിയാകും. എനിക്ക് മറ്റുള്ളവരോട് പറയാനുള്ളത് ഇത്രമാത്രം; നിങ്ങളില്‍ വിശ്വസിക്കുക, നിങ്ങളുടെ ദിവസവും വരും. നിങ്ങള്‍ക്ക് ലഭിക്കേണ്ടത് ഏതെങ്കിലും വഴിയിലൂടെ നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.’
Indian expat in UAE wins Dh1 million Big Ticket raffle


