18
Jul 2023
Mon
18 Jul 2023 Mon

കോളിങ് ബെല്ലടിച്ച് പ്രാങ്ക് ചെയ്ത 16വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ കാറിടിപ്പിച്ചുകൊന്ന ഇന്ത്യക്കാരന് യുഎസില്‍ ജീവപര്യന്തം തടവ് ശിക്ഷ. 45കാരനായ അനുരാഗ് ചന്ദ്രയെ ആണ് കോടതി പരോള്‍രഹിത തടവിന് ശിക്ഷിച്ചത്. 2020ലാണ് കേസിനാധാരമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനുരാഗ് താമസിച്ചിരുന്ന വീടിന്റെ കോളിങ് ബെല്ല് കുട്ടികള്‍ അടിച്ച് പ്രാങ്ക് ചെയ്തതിന് പ്രതികാരമായി കൗമാരക്കാര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് പ്രതി തന്റെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ഫലമായി കുട്ടികള്‍ സഞ്ചരിച്ച കാര്‍ വഴിയരികിലെ മരത്തില്‍ ഇടിച്ചുകയറി. ഇതിനു ശേഷം ചന്ദ്ര വീട്ടിലേക്ക് മടങ്ങി. അപകടവിവരം അധികൃതരെ ഇയാള്‍ അറിയിച്ചിരുന്നുമില്ല. ഡാനിയല്‍ ഹാക്കിന്‍സ്, ജേക്കബ് ഇവാസ്‌കു, ഡ്രേക്ക് റൂയിസ് എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന 18ഉം 13ഉം 14ഉം വയസ്സുള്ള കുട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

രാത്രി ഉറക്കംനഷ്ടപ്പെട്ട കുട്ടികള്‍ മേഖലയിലെ ഒരു വീടിന്റെ ഡോര്‍ബെല്‍ അടിക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതി താമസിച്ചിരുന്ന വീടിന്റെ കോളിങ് ബെല്ല് കുട്ടികള്‍ അടിക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ രക്ഷപ്പെട്ട കുട്ടികള്‍ക്കു പിന്നാലെ പ്രതി തന്റെ കാറുമായി പാഞ്ഞു. കുട്ടികളുടെ കാറില്‍ നിരന്തരം ഇടിപ്പിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ റോഡില്‍വാഹനം തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പ്രതി വാഹനം അമിതവേഗം കൈവരിച്ച ശേഷം കുട്ടികളുടെ വാഹനത്തിന്റെ പിന്നില്‍ ഇടിക്കുകയും ഈ കാര്‍ മരത്തില്‍ ഇടിച്ചുകയറുകയുമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.